ഒക്കലഹോമ : പാന്‍ഡമിക്കിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്ന തൊഴിലില്ലായ്മ വേതനത്തിനു പുറമെ ഫെഡറല്‍ ഗവണ്മെന്റ് സഹായമായി നല്‍കിയിരുന്ന 300 ഡോളര്‍ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് ആഗസ്ത് 6 ന് ഉത്തരവിട്ടു.
ആഴ്ചകള്‍ക്കു മുമ്പു തൊഴിലില്ലായ്മ വേതനത്തിനു പുറമെ നല്‍കിയിരുന്ന 300 ഡോളര്‍ നിര്‍ത്തല്‍ ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണര്‍ കെവിന് സ്റ്റിറ്റ് ഉത്തരവിട്ടിരുന്നു.
തൊഴിലില്ലായ്മ വേതനവും മുന്നൂറു ഡോളറും ലഭിക്കുന്നതോടെ തൊഴില്‍ ചെയ്യുന്നതിനുള്ള താല്പര്യം കുറയുമെന്നാണ് എക്സ്ട്രാ വേതനം നിര്‍ത്തല്‍ ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടികാട്ടിയത്.
ഒക്കലഹോമ കൗണ്ടി ജഡ്ജി ആന്റണി ബോണര്‍ ഗവര്‍ണറോടാണ് കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധിയുടെ പൂര്‍ണ്ണരൂപം തിങ്കളാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്കുവാന് സംസ്ഥാനത്തിനു അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
പാന്‍ഡമിക്കിന്റെ ദുരന്തം കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഒക്കലഹോമയിലെ തൊഴില്‍ രഹിതര്‍ക്ക് കോടതി വിധി അല്പമല്ലാത്ത ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.