സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചലഞ്ചിഡിനെ രാജ്യാന്തര സ്ഥാപനമായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ഥാപനത്തിന്റെ
ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്വയംഭരണ ഗ്രാന്‍റ് ഇന്‍ എയ്ഡ് സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചലഞ്ച്ഡ്.
സമൂഹത്തിലെ ഏറ്റവും സഹായം അര്‍ഹിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പുരധിവാസ പദ്ധതികള്‍ക്ക് മതിയായ പ്രാധാന്യം കൊടുക്കുന്നതിനും, ഈ മേഖലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. ഈ സ്ഥാപനത്തിന്‍റെ സമൂഹത്തോടുള്ള പ്രതിബദ്ധത ജനറല്‍ കൗണ്‍സില്‍ ചെയര്‍മാൻ കൂടിയായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി . ദേശീയ തലത്തില്‍ ഇതു പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ നിലവാരം മനസ്സിലാക്കി ദേശീയ അടിസ്ഥാനത്തില്‍ അക്കാദമികപരവും, ഭരണപരവുമായി സ്ഥാപനത്തെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും . ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് പുറമേ ഇതര സ്രോതസ്സുകളില്‍ നിന്നും വിഭവ സമാഹരണം നടത്തി വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കും, ഈ സ്ഥാപനത്തിന്‍റെ ഗുണഭോക്താക്കള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിന് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സ്ഥാപനത്തിന് സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സ്ഥാപനത്തെ ഒരു അപ്പക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തുന്നതിന് ഇതിനകം തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. സ്ഥാപനത്തില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമങ്ങള്‍ നടത്തും. അക്കാഡമിക് കാര്യങ്ങളില്‍ കാലാനുസൃതവും, സാങ്കേതിക വിദ്യാധിഷ്ഠിതവുമായ മാറ്റങ്ങള്‍ കൊണ്ടു വന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കിടയില്‍ ഒരു ആധികാരിക അക്കാഡമിക് സ്ഥാപനമായി എസ്.ഐ.എം.സി യെ പരിവര്‍ത്തനം ചെയ്യിക്കുന്നതിന് മേഖലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉടന്‍ തന്നെ സിംപോസിയം സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു.കെ. ഐ.എ.എസ്, എസ്.സി.ഇ.ആര്‍ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ്, പൊതുവിദ്യാഭ്യാസ ജോയിന്‍റ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, എസ്.ഐ.എം.സി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഷൈന്‍മോന്‍ എം.കെ, വിവിധ വകുപ്പ് മേധാവികള്‍,ഡയറക്ടര്‍മാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികള്‍, മറ്റ് അംഗങ്ങളായ ഡോ.ആര്‍ ജയപ്രകാശ്, ഡി ജേക്കബ്, സി.എന്‍ സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.