പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും

post

വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു

മലപ്പുറം : ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, സ്വകാര്യ വ്യക്തികളുടെ വീട്ടുപരിസരങ്ങള്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായാണ് കൃഷിഭവന്റെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ പൂ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് നിറമരുതൂരില്‍ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ തൃശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പൂവിന് വിപണി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കര്‍ഷകരും അധികൃതരും. മികച്ച വിളവാണ് വരാനിരിക്കുന്ന ഓണക്കാലത്തെ എതിരേല്‍ക്കാന്‍ പൂപ്പാടങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്.

പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ സജിമോള്‍ അധ്യക്ഷയായി. കൃഷി ഓഫീസര്‍ ഷമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇക്ബാല്‍, കെടി കേശവന്‍കുട്ടി, പഞ്ചായത്തംഗങ്ങളായ പി ഇസ്മായില്‍, മനീഷ്, പിപി സൈതലവി, ടി ശ്രീധരന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നാസര്‍ പോളാട്ട്, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് അംഗം കെ ഹസീന സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *