വിവിധ പദ്ധതികള്‍ക്ക് ‍ ധനസഹായം നല്‍കുന്നു

Spread the love

ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന തുടര്‍ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, വിദൂര വിദ്യാഭ്യാസ ധനസഹായം, വിജയാമൃതം, സഹചാരി, മാതൃജ്യോതി എന്നീ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിനായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമും വിശദവിവരങ്ങള്‍ക്കും വെബ് സൈറ്റ്: www.sjd.kerala.gov.in . ഫോണ്‍: 0477-2253870.

ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായമാണ് വിദ്യാകിരണം. ഒരു ലക്ഷം രുപയാണ് വാര്‍ഷിക വരുമാന പരിധി. എ.പി.എല്‍./ബി.പി.എല്‍.  ഭേദമന്യേ ഒമ്പതാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40ശതമാനമോ അതില്‍ കുടുതലോ ഭിന്നശേഷിയുളള കുട്ടികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന ധനസഹായമാണ് വിദ്യാജ്യോതി. തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന (70 ശതമാനം അതില്‍ കൂടുതലോ) മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ മാതാവിന്/രക്ഷകര്‍ത്താവിന് (വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, അവിവാഹിതരായ അമ്മമാര്‍, വിവാഹ മോചനം നേടിയവര്‍) സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് സ്വാശ്രയ. അപകടങ്ങള്‍/ആക്രമണങ്ങള്‍/പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് പരിരക്ഷ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാന്‍ കഴിയാതെ ഓപ്പണ്‍ സ്‌കൂള്‍/കോളജ്, വിദൂര വിദ്യാഭ്യാസം എന്നിവ വഴി പഠനം നടത്തുന്ന ബിരുദ തലത്തിലോ മുകളിലോ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് വിദൂര വിദ്യാഭ്യാസ ധനസഹായം. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ഗവ./എയ്ഡഡ്/പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിനും മറ്റു പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന ജില്ലയിലെ മൂന്ന് എന്‍.എസ്.എസ്./എന്‍.സി.സി./എന്‍.പി.സി. യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് സഹചാരി. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി.

Author

Leave a Reply

Your email address will not be published. Required fields are marked *