ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദര്‍ശനത്തിരുനാള്‍ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 8 ന് ഞായറാഴ്ച നടന്ന തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍, അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് തച്ചാറ എന്നിവര്‍ സഹകാര്‍മമികരായിരുന്നു. ഇടവകമദ്ധ്യസ്ഥയായ പരി.ദൈവമാതാവ് വഴി ഇടവക സമൂഹത്തിന് ലഭിക്കുന്ന വലിയ സംരക്ഷണത്തിനും അനുഗ്രഹങ്ങള്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്നതിനുള്ള അവസരമാക്കി ഈ തിരുനാളിനെ മാറ്റണമെന്ന് അഭി. പിതാവ് തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. .
വി.കുര്‍ബാനയ്ക്കുശേഷം കുരിശുംതൊട്ടിയില്‍ കമനിയമായി അലങ്കരിച്ച കൊടിമരത്തില്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് പതാക ഉയര്‍ത്തി എട്ടുദിവസം നീണ്ടുനില്ക്കുന്ന തിരുനാളിന് ആരംഭംകുറിച്ചു. തുടര്‍ന്ന് ദൈവാലയത്തില്‍ പരി.കന്യകാമറിയത്തിന്റെ നൊവേനക്കും അഭി.പിതാവ് കാര്‍മ്മികത്വം വഹിച്ചു.
ഓഗസ്റ്റ് 9 തിങ്കളാഴ്ച വൈകീട്ട് 6.30 ന് റവ.ഫാ. ബാബു മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര റീത്തിലുള്ള വിശുദ്ധ ബലിയും നൊവേനയും നടക്കും. തുടന്ന് വരുന്ന ദിവസങ്ങളില്‍ വൈകിട്ട് 6.30ന് റവ.ഫാ.ബിന്‍സ് ചേത്തലില്‍, റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, റവ.ഫാ. ജോസഫ് തച്ചാറ, റവ. ഫാ. മെല്‍ബിന്‍ മംഗലത്ത്, റവ. ഫാ. ജോബി വെള്ളുക്കുന്നേല്‍, റവ. ഫാ. ടോമി വട്ടുകുളം, റവ. ഫാ. അബ്രാഹം മുത്തോലത്ത്, റവ. ഫാ. തോമസ് കടുകപ്പള്ളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നൊവേനയും നടത്തപ്പെടും. ഓഗസ്റ്റ് 12 വ്യാഴാച്ച യുവജന ദിനമായി ആചരിക്കും. വെള്ളിയാഴ്ച കുര്‍ബാനയെ തുടന്ന് കപ്ലോന്‍ വാഴ്ചയും വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ അരങ്ങേറും .
ഓഗസ്റ്റ് 14 ശനിയാഴ്ച വൈകിട്ട് 6 ന് കൂര്‍ബാനയെ തുടര്‍ന്ന് ലോങ്ങ് ഐലന്‍റ് (ന്യൂയോര്‍ക്ക്) താളലയം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “മാന്ത്രികച്ചെപ്പ്” എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കും. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന ആഘോഷമായ തിരുനാള്‍ റാസക്ക് റവ.ഫാ. ജോസ് തറയ്ക്കല്‍, റവ.ഫാ. ജോര്‍ജ് ദാനവേലില്‍, റവ.ഫാ. ടോമി ചെള്ളകണ്ടം, റവ.ഫാ. ജോസഫ് തച്ചാറ, റവ.ഫാ. മെല്‍വിന്‍ മംഗലത്ത് എന്നിവര്‍ കാര്‍മ്മികരായി പങ്കെടുക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കഴുന്ന് എടുക്കല്‍, ലേലം, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ഒരാഴ്ചയായി തുടരുന്ന തിരുനാള്‍ ആഘോഷങ്ങളുടെ സമാപനം
ഓഗസ്റ്റ് 16 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന മരിച്ചവിശ്വാസികള്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങളോടെ സമാപിക്കും. പ്രഫ. പീറ്റര്‍, പ്രഫ. മേയാമ്മ വെട്ടിക്കാട്ടു ഫാമിലിയാണ് തിരുനാള്‍ പ്രസുദേന്തി.