കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിര്‍വ്വഹണവും സംബന്ധിച്ചുള്ള ചട്ടങ്ങളിലെ 62-ാം ചട്ടം അനുസരിച്ച് ബഹു. എം.എല്‍.എ. ശ്രീ. വാഴൂര്‍ സോമന്‍ ഉന്നയിച്ച 09.08.2021 ന് ബഹു. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി മറുപടി പറയേണ്ട ശ്രദ്ധ ക്ഷണിക്കല്‍ തോട്ടം തൊഴിലാളികളുടെ പെന്ഷന് പ്രായം സംബന്ധിച്ച് .
ചോദ്യം
കേരളത്തിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പെന്‍ഷന് പ്രായം 60 വയസായി ഏകീകരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഉത്തരവായിട്ടുണ്ടെങ്കിലും പി.എല്‍.സി.യില്‍ തോട്ടം ഉടമകള്‍ ഈ തീരുമാനത്തോടു യോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും അവര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ആയതിനാല്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി തോട്ടങ്ങളില്‍ പുതിയ തൊഴിലാളികളെ നിയമിക്കുകയോ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഓരോ 3 വര്‍ഷവും കഴിയുമ്പോള്‍ 15% തൊഴിലാളികള്‍ പിരിഞ്ഞുപോവുകയും പകരമായി
തൊഴിലാളികളുടെ ആശ്രിതരെയോ താല്‍ക്കാലികക്കാരെയോ സ്ഥിരപ്പെടുത്തി നിയമിച്ചുകൊണ്ട് തോട്ടം മേഖലയിലെ ഒഴിവുകള്‍ നികത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തുടനീളം തോട്ടം ഉടമകള്‍ ഈ കീഴ്വഴക്കം കാറ്റില്‍ പറത്തിക്കൊണ്ട് അതിഥി തൊഴിലാളികളെ കുറഞ്ഞ കൂലിയും പരിമിതമായ ജീവിതസൗകര്യങ്ങളും നല്‍കി ജോലിക്കു വച്ചിരിക്കുകയാണ്. ഇവരോട് വളരെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് തോട്ടം ഉടമകള്‍ നടത്തുന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള മേഖലകളിലെ തോട്ടങ്ങളില്‍ 58 വയസ് കഴിഞ്ഞ് ജോലിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടയുള്ള യാതൊരാനുകൂല്യവും നല്‍കിയിട്ടില്ലാത്തതും കാഷ്വല്‍ ജീവനക്കാരായി ഇവര്‍ ജോലി ചെയ്യുകയുമാണ്. ഇത്തരത്തില്‍ മനുഷ്യാവകാശലംഘനം നടത്തുന്ന തോട്ടം ഉടമകളുടെ പ്രവര്‍ത്തിയെ നിയന്ത്രിക്കുന്നതിന് തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പെന്ഷന് പ്രായം 60 വയസ്സായി ഏകീകരിക്കുന്നതിനുവേണ്ടി ഇറക്കിയ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്നും തോട്ടം തൊഴിലാളി ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉത്തരം
തോട്ടം മേഖലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കരട് പ്ലാന്‍റേഷന്‍ പോളിസി തയ്യാറാക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദശങ്ങളും തോട്ടം ഉടമകളില്‍ നിന്നും, തൊഴിലാളികളില്‍ നിന്നും, തോട്ടം മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുകയും ഇത്തരത്തില്‍ ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ച് പ്ലാന്‍റേഷന്‍ പോളിസിക്ക് സര്‍ക്കാര്‍ 22/01/2021ലെ സ.ഉ.(കൈ)നമ്പര്‍ 6/2021/തൊഴില്‍ പ്രകാരം അന്തിമരൂപം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായോഗിക പരിജ്ഞാനമുള്ള തൊഴിലാളികളെ നിലനിര്‍ത്തുന്നതിനും തോട്ടം മേഖലയ്ക്ക് കരുത്ത് പകരുന്നതിനുമായി തോട്ടം തൊഴിലാളികളുടെ പെന്ഷന് പ്രായം 60 ആയി നിജപ്പെടുത്തണമെന്ന് വിഭാവനം ചെയ്തിട്ടുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പ്ലാന്‍റേഷന്‍ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് തോട്ടം തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 58-ല്‍ നിന്നും 60 ആയി ഉയര്‍ത്തി 18/02/2021ല്‍ സര്‍ക്കാര്‍ ഉത്തരവ് (കൈ) നമ്പര്‍ 21/2021/തൊഴില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ ഈ ഉത്തരവിനെതിരെ അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് ഓഫ് കേരള കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയുണ്ടായി. പ്രസ്തുത സ്റ്റേ ഒഴിവാക്കുന്നതിനായുളള നടപടികള്‍ തൊഴില്‍ വകുപ്പിന്‍റെ ഭാഗത്തുനിന്നും നടന്നുവരുന്നു. ആയത് സംബന്ധിച്ച് WP(C)No.5277/2021കേസില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ കാര്യവിവരണ പത്രിക നല്‍കിയിട്ടുണ്ട്. കൂടാതെ പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയും ചെയ്യുന്നുണ്ട്.