തിരുവനന്തപുരം : ആള്‍ക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ വലിയ ശ്രദ്ധ വേണം. കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും ഹോര്‍ട്ടികോര്‍പുമൊക്കെ ഒരുക്കിയിട്ടുള്ള ഓണവിപണികളിലും ശാരീരികാകലം പാലിച്ചു വേണം ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങേണ്ടത്.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയില്‍ നമ്മള് അത് പൂര്‍ണമായി അംഗീകരിച്ച് നടപ്പാക്കണം. കോവിഡ് പ്രതിരോധത്തില്‍ കേരളമാണ് രാജ്യത്ത് മുന്നിലുള്ളത്. ഇവിടെ രോഗം വരാത്തവരായി 50 ശതമാനം ആളുകളുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും 80 ശതമാനം പേര് രോഗം വന്നവരാണ്. ഇവിടെ കൂടുതല്‍ കരുതല്‍ സ്വീകരിച്ചതുകാരണമാണ് രോഗവ്യാപനം തടയാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നല്ല തോതില്‍ ആളുകള്‍ ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന പൗരന്മാര് മുഴുവന്‍ ആഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.