കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജ് : വീടുകളുടെ താക്കോല്‍ദാനം നാളെ മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും

post

മലപ്പുറം: കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നാളെ (ഓഗസ്റ്റ് 15)  കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല, ചെട്ടിയമ്പാറ പട്ടിക വര്‍ഗ്ഗ കോളനി നിവാസികളുടെ പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഒന്‍പത് വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചത്.  നിലമ്പൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനാകും. രാഹുല്‍ ഗാന്ധി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും.  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭവന നിര്‍മാണത്തിന് ആവശ്യമായി വന്ന അധിക തുക സംഭാവന നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും.

2018 ലെ രൂക്ഷമായ പ്രളയത്തെ തുടര്‍ന്നാണ്  മതില്‍മൂല പട്ടികവര്‍ഗ കോളനി ഭൂമിയും 26 വീടുകളും പൂര്‍ണമായും ഉപയോഗശൂന്യമായത്. ചെട്ടിയമ്പാറ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരണപ്പെട്ടതിനൊപ്പം ഭൂമിയും വീടുകളും നാശോന്മുഖമായി. കോളനി നിവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കിയുള്ള നടപടികളാണ് സര്‍ക്കാര്‍  സ്വീകരിച്ചത്. ദുരന്തത്തിന് ഇരയായ മതില്‍മൂല, ചെട്ടിയമ്പാറ കോളനികളിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 34 കുടുംബങ്ങള്‍ക്ക് വേണ്ടി 10 ഹെക്ടര്‍ ഭൂമി അകമ്പാടം വില്ലേജിലെ കണ്ണന്‍കുണ്ട് പ്രദേശത്ത് വനം വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമിയുടെ പട്ടയ വിതരണം 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

പട്ടികവര്‍ഗ കുടുംബങ്ങളുടെ സാംസ്‌കാരിക തനിമ, ആചാര രീതികള്‍, പൈതൃകം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തൊഴില്‍ നൈപുണ്യം, സാമൂഹിക ഉന്നമനം, ഭാവി വികസനം എന്നിവ ഉറപ്പാക്കിയുള്ള  സമഗ്ര വികസന പദ്ധതിയാണ് കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജ് എന്ന പേരില്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഗുണഭോക്താക്കളായ പട്ടികവര്‍ഗ കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത്, അവരുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയത്.

600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍  ഒരു വീടിന് 7,04,500 രൂപ വീതം ചെലവഴിച്ചാണ്  ആദ്യഘട്ടത്തില്‍ ഒന്‍പത് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓരോ വീടുകളുടേയും നിര്‍മാണത്തിന് ആദിവാസി പുനരധിവാസ വികസന മിഷന്‍ അനുവദിച്ച ആറ് ലക്ഷത്തിന് പുറമേ 49,500 രൂപ  വ്യക്തികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് മുഖേനയും ലഭിച്ചിട്ടുണ്ട്.  ജില്ലാ നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം.

 

Leave a Reply

Your email address will not be published. Required fields are marked *