കുര്യന്‍ പ്രക്കാനം- അതുല്യനായ സംഘാടകന്‍ : തോമസ് കൂവള്ളൂര്‍

Spread the love

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ വിവിധ മേഖലകളില്‍ പ്രശസ്തി പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും കാനഡയില്‍ കുടിയേറി തന്റെ സ്വതസിദ്ധമായ സംഘടനാപാടവം തെളിയിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു സാമൂഹ്യ നേതാവും, സംഘാടകനുമാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി.
             
ഈയിടെ കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന “സ്വാഗതം കാനഡ’ എന്ന പ്രസിദ്ധീകരണത്തില്‍ “കുര്യന്‍ പ്രക്കാനം- സമൂഹത്തിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിവുള്ള മാര്‍ഗ്ഗദര്‍ശകന്‍’ എന്നു വിശേഷിപ്പിച്ച് എഴുതിയിരിക്കുന്ന ഇംഗ്ലീഷിലുള്ള ലേഖനം കാണാനിടയായി. ലേഖനം വായിച്ചശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുര്യന്‍ പ്രക്കാനത്തെപ്പറ്റി യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭാഷകയ്ക്കു പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കാണാനിടയായി. ഇത്രയും ആയ സ്ഥിതിക്ക് കഥാപുരുഷനെ ഒന്നു നേരിട്ട് പരിചയപ്പെടണമെന്നുള്ള ആഗ്രഹം ഈ ലേഖകന്റെ മനസില്‍ ഉടലെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

അങ്ങനെ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തെരഞ്ഞുപിടിച്ച് പരിചയപ്പെട്ടു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ നിന്നും നന്നേ ചെറുപ്പം മുതല്‍ ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു കുര്യന്‍ പ്രക്കാനം എന്നു മനസിലാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ പ്രമുഖ നേതാക്കളായിരുന്ന കെ. കരുണാകന്‍, ഇ.കെ. നായനാര്‍ എന്നിവരെപ്പോലെ ഒരു നേതാവാകാനുള്ള ഒരുള്‍പ്രേരണ നന്നെ ചെറുപ്പത്തില്‍ തന്നെ തന്റെ മനസില്‍ ജന്മമെടുത്തിരുന്നു എന്നദ്ദേഹം തുറന്നുപറഞ്ഞു.
                     
ഇന്ത്യയുടെ തനതെന്നു വിശേഷിപ്പിക്കാവുന്ന “നാനാത്വത്തില്‍ ഏകത്വം’ എന്ന ഉത്കൃഷ്ടമായ ചിന്തയാണ് കേരളത്തിലും വിദേശത്തും ജാതിചിന്തകള്‍ക്കും, മതചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് ഉത്തേജനം നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറയുകയുണ്ടായി.

“തേടിയ വള്ളി കാലില്‍ ചുറ്റി’ എന്നു പറയുന്നതുപോലെ കാനഡയിലെ ജനങ്ങള്‍ പൊതുവെ ഹിന്ദു- ക്രിസ്ത്യന്‍- മുസ്‌ലീം എന്ന പേരില്‍ വിഭാഗീയ ചിന്താഗതിയില്ലാത്തവരും, അതുപോലെ തന്നെ എല്ലാ രാജ്യക്കാരേയും ഒരുപോലെ കാണുന്നവരുമാണെന്നു കുര്യന്‍ പ്രക്കാനം തിരിച്ചരിഞ്ഞു.

സാവകാശം താന്‍ താമസിക്കുന്ന ബ്രാംപ്ടണ്‍ എന്ന സിറ്റി കേന്ദ്രീകരിച്ച് ബ്രാംപ്ടന്‍ മലയാളി സമാജം എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചു. പ്രസ്തുത സംഘടനയുടെ പ്രസിഡന്റായി കഴിഞ്ഞ 12 വര്‍ഷത്തോളം തുടരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ സംഘടനാപാടവത്തിന്റെ തെളിവാണ്. ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ പേരില്‍ തുടങ്ങിവച്ചതാണ് ബ്രാംപ്ടണ്‍ വള്ളംകളി. പ്രസ്തുത വള്ളംകളിയുടെ ഉപജ്ഞാതാവാണ് കുര്യന്‍ പ്രക്കാനം എന്ന സാമൂഹ്യ നേതാവ്.

ബ്രാംപ്ടണ്‍ വള്ളംകളി തുടങ്ങി വയ്ക്കാനുള്ള കാരണത്തെപ്പറ്റി കുര്യന്‍ പ്രക്കാനം പറഞ്ഞത് ഇപ്രകാരമാണ്: “ആലപ്പുഴയുടെ ആവേശവും, പായിപ്പാടിന്റെ മനോഹാരിതയും, ആറന്മുളയുടെ പ്രൗഢിയും കൂട്ടിയിണക്കി അതില്‍ നിന്നും രൂപംകൊടുത്ത മഹത്തായ ഒരു ആശയമായിരുന്നു “ബ്രാംപ്ടണ്‍ വള്ളംകളി’ എന്നാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനംപോലും കവര്‍ന്നെടുക്കാന്‍ കേരളത്തിലെ പുന്നമടക്കായലിലെ വള്ളംകളിക്ക് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ജലസമ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ കാനഡയിലും ജലോത്സവും ആരംഭിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചുകാണണം. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രവാസ പരിവര്‍ത്തനമായി ബ്രാംപ്ടണ്‍ വള്ളംകളിയെ രൂപാന്തരപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നും, അതുവഴി ലോകശ്രദ്ധ പറ്റാനും കഴിയുമെന്നും മനസിലാക്കി കുര്യന്‍ പ്രക്കാനം പ്രവര്‍ത്തനം ആരംഭിച്ചു.

ബ്രാംപ്ടണ്‍ വള്ളംകളിയെ ഇന്ന് കനേഡിയന്‍ ഗവണ്‍മെന്റ് വരെ അംഗീകരിച്ചുകഴിഞ്ഞു. അതിനുള്ള തെളിവാണ് ബ്രാംപ്ടണ്‍ നെഹ്‌റു ട്രോഫി വള്ളംകളി ഒരു പടികൂടി മുമ്പോട്ട് കടന്ന് “കനേഡിയന്‍ നെഹ്‌റു ട്രോഫി ബോട്ട് റെയ്‌സ്’ എന്ന പേരില്‍ ആയിത്തീര്‍ന്നത്. ബ്രാംപ്ടണ്‍ നെഹ്‌റു ട്രോഫി വള്ളംകളിയെ കാനഡയുടെ പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവും, ഭരണപക്ഷത്തും, പ്രതിപക്ഷത്തുമുള്ള എംപിമാരും, ബ്രാംപ്ടണ്‍ സിറ്റി മേയറും എന്തിനേറെ പോലീസ് മേധാവികള്‍ വരെ അംഗീകരിക്കുകയും, കുര്യന്‍ പ്രക്കാനം എന്ന സാമൂഹ്യ നേതാവിന് എല്ലാവിധ പിന്തുണയും കൊടുത്തുകഴിഞ്ഞു. അങ്ങനെ ഒരു രാജ്യത്തിന്റെ തന്നെ പ്രശംസയ്ക്ക് പാത്രീഭൂതനായിരിക്കുകയാണ് കുര്യന്‍ പ്രക്കാനം എന്ന ജനനായകന്‍.

കേരളത്തില്‍ നിന്നും കാനഡയിലെത്തി അവിടെയുള്ള വിവിധ മലയാളി സംഘടനകളേയും, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കാനഡയില്‍ കുടിയേറിയവരേയും, എല്ലാറ്റിനുമുപരി കാനഡയിലുള്ള വിഭിന്ന രാജ്യങ്ങളില്‍ നിന്നുള്ളവരേയും പങ്കെടുപ്പിച്ച് നടത്തുന്ന 2021-ലെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളം കളിയുടെ കിക്ക്ഓഫ് കണ്ടവര്‍ക്കറിയാം ഈവര്‍ഷത്തെ വള്ളംകളി എത്രമാത്രം ആവേശത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന്. കേരളത്തില്‍ നിന്നുള്ള ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ കുര്യന്‍ പ്രക്കാനം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അതുപോലെ കാനഡയിലെ ഭരണകക്ഷിയേയും പ്രതിപക്ഷ നേതാക്കളേയും വിവിധ മതങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നുമുള്ള നേതാക്കളേയും പങ്കെടുപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

കഴിഞ്ഞവര്‍ഷം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു വള്ളംകളിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ഈവര്‍ഷത്തെ ഉദ്ഘാടനകര്‍മ്മം കോവിഡ് മഹാമാരി മൂലം സൂമിലൂടെ ഉദ്ഘാടനം ചെയ്യാന്‍ തെരഞ്ഞെടുത്തത് ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ സ്ഥാനംപിടിക്കാന്‍ കഴിഞ്ഞ ലുലു ഗ്രൂപ്പിന്റെ ഉടമയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ആളും, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, പത്മശ്രീ എന്നീ അവാര്‍ഡുകള്‍ക്ക് അര്‍ഹനുമായ ഡോ. എം.എ യൂസഫലി ആയിരുന്നു എന്നുള്ളത് കാനഡയെ സംബന്ധിച്ചടത്തോളം വലിയൊരു സംഭവമായിരുന്നു. ഈയിടെ യു.എ.ഇയിലെ ജയിലില്‍ മരണശിക്ഷയ്ക്ക് വിധേയനായി കിടന്നിരുന്ന കൃഷ്ണന്‍ എന്ന കേരളക്കാരനായ ചെറുപ്പക്കാരനെ ഒരു കോടി രൂപ കൊടുത്ത് ജയില്‍വിമുക്തനാക്കിയ മഹാനായ യൂസഫലി സാഹിബ് വള്ളംകളിയില്‍ പങ്കെടുക്കുമെന്നു കരുതുന്നു.

കനേഡിയന്‍ വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്ന കന്നിക്കാരനും പങ്കെടുത്തുകണ്ടു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി കുര്യന്‍ പ്രക്കാനം എന്ന ഭാവനാശാലിയുടെ ഉള്‍ക്കാഴ്ചയില്‍ നിന്നും ഉരുത്തിരുന്ന ചിന്തയുടെ ഭാഗമായിരുന്നു എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇന്നത്തെ ലോകത്ത് ഭാവനാശാലികളായ വ്യക്തികളെ സോഷ്യല്‍ മീഡിയകളിലൂടെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയും. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് കുര്യന്‍ പ്രക്കാനം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

2020-ല്‍ ഫൊക്കാനയില്‍ പിളര്‍പ്പുണ്ടായ അവസരത്തില്‍ പ്രസ്ഥാനത്തെ പിടിച്ചുനിര്‍ത്താന്‍ കുര്യന്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. കുര്യന്‍ പ്രക്കാനം എന്ന വ്യക്തി വാസ്തവത്തില്‍ ഫൊക്കാനയിലോ ഫോമയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു വ്യക്തി അല്ലെന്നുള്ളതാണ് വാസ്തവം. പിളര്‍ന്നു നില്‍ക്കുന്ന പ്രസ്ഥാനങ്ങളെ സാധിക്കുമെങ്കില്‍ ഒരുമിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തെ പരിചയപ്പെട്ടതില്‍ നിന്നും തനതായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

വാസ്തവത്തില്‍ കുര്യന്‍ പ്രക്കാനം വരുംതലമുറയ്ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. അദ്ദേഹത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ വരുംതലമുറയ്ക്ക് പഠിക്കാന്‍ കഴിയും. കാനഡയിലെ മലയാളികളെ പ്രതിനിധീകരിച്ച് രണ്ടു തവണ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം. കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണ- പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹത്തിന് വളരെ അടുത്തബന്ധമുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാസികളെ പ്രതിനിധീകരിച്ച് കേരളത്തില്‍ പോയി മത്സരിക്കാന്‍ ധൈര്യം കാണിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ധൈര്യം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുക്രിസ്തു പറഞ്ഞതുപോലെ “പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല’ എന്ന ബൈബിള്‍ വചനം കുര്യന്‍ പ്രക്കാനത്തെ സംബന്ധിച്ചടത്തോളം അന്വര്‍ത്ഥമായി ഭവിച്ചു. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പോയ അദ്ദേഹത്തെ സ്വന്തം ജനങ്ങള്‍ അന്ന് തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ മുന്‍കാല നേതാക്കന്മാരായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ എന്നിവരേക്കാള്‍ എത്രയോ മുമ്പന്തിയില്‍ നില്‍ക്കുന്ന ഒരു യഥാര്‍ത്ഥ ലീഡര്‍ ആണ് കുര്യന്‍ പ്രക്കാനം എന്നു പറയാന്‍ കഴിയും. ഇന്ന് കേരളത്തിലും, കാനഡ- യു.എസ്.എ തുടങ്ങിയ വന്‍കരകളിലും അറിയപ്പെടുന്ന ഒരു ലീഡര്‍ ആയി കുര്യന്‍ പ്രക്കാനം മാറിക്കഴിഞ്ഞു. പക്ഷെ മലയാള മാധ്യമങ്ങളും, മലയാളി നേതാക്കളും അദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം കൊടുത്തതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

എന്തൊക്കെയാണെങ്കിലും കുര്യന്‍ പ്രക്കാനം ഇന്ന് കേരളത്തിലും, ഇന്ത്യയിലും, യു.എസ്.എ -കാനഡ എന്നീ രാജ്യങ്ങളിലും അറിയപ്പെടുന്ന ഒരു നേതാവായി മാറിക്കഴിഞ്ഞു.  വലിപ്പത്തില്‍ ഇന്ത്യയുടെ മൂന്നിരട്ടിയുള്ള കാനഡയില്‍ അറിയപ്പെടുന്ന കുര്യന്‍ പ്രക്കാനം കേരളത്തിന്റെ തനതായി മാത്രം കരുതിയിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി കാനഡക്കാരുടെ ദേശീയോത്സവമാക്കി മാറ്റിക്കഴിഞ്ഞു. അതുവഴി കാനഡയുടെ ടൂറിസം മേഖലതന്നെ വളരാനുള്ള എല്ലാ സാധ്യതകളും തുറന്നുകഴിഞ്ഞു.

എന്റെ അഭിപ്രായത്തില്‍ ഒരു വാളും കുതിരയുമായി ലോകം വെട്ടിപ്പിടിക്കാന്‍ പോയ മഹാനെന്നു ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ട അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കാള്‍ എത്രയോ വലുതായി വിശേഷിപ്പിക്കേണ്ട ആളാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി. സമീപ ഭാവിയില്‍ സാമൂഹ്യ സേവനത്തിന് നോബല്‍ സമ്മാനം ലഭിച്ച കൈലാഷ് സത്യാര്‍ത്ഥിയേയും, മലാല യൂസഫ് സായ് യേക്കാളും അറിയപ്പെടുന്ന ഒരു സാമൂഹ്യ പരിഷ്കര്‍ത്താവായി കുര്യന്‍ പ്രക്കാനത്തെ തേടി അവാര്‍ഡുകളും, സ്ഥാനമാനങ്ങളും എത്തുകയില്ലെന്ന് ആരുകണ്ടു.

ചുരുക്കത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സംഘാടകനും, അതുല്യനായ നേതാവുമാണ് കുര്യന്‍ പ്രക്കാനം എന്നു നിസ്സംശയം പറയാം. അദ്ദേഹത്തിന് മുന്‍തൂക്കം കൊടുക്കാതെ അണികളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതുപോലെ തന്നെ താന്‍ ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഇതില്‍ക്കൂടുതല്‍ എന്തു യോഗ്യതയാണ് ഒരു നേതാവിനു വേണ്ടത്.

നാനാത്വത്തില്‍ ഏകത്വം എന്ന അദ്ദേഹത്തിന്റെ ചിരകാല സ്വപ്നം പൂവണിയുന്നതോടൊപ്പം തന്നെ അദ്ദേഹം തുടങ്ങിവെച്ച ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ നെഹ്‌റു ട്രോഫി വള്ളംകളി ഒരു അന്താരാഷ്ട്ര വള്ളംകളിയായി മാറുമെന്നു നമുക്ക് പ്രത്യാശിക്കാം. കാരണം കാനഡയില്‍ നെഹ്‌റു ട്രോഫി വള്ളംകളി എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ ഒരു ദേശീയോത്സവമായി മാറിക്കഴിഞ്ഞു. പ്രസ്തുത വള്ളംകളിയില്‍ പങ്കെടുക്കാന്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുവരെ മലയാളികള്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ സ്റ്റേറ്റുകളില്‍നിന്നും.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉത്ഭവസ്ഥാനം കേരളമാണെങ്കില്‍പോലും കോവിഡ് മഹമാരിമൂലം രണ്ടു വര്‍ഷം കേരളം സ്തംഭനാവസ്ഥയിലായെങ്കിലും കേരളത്തെക്കാള്‍ പ്രൗഢഗംഭീരമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് നെഹ്‌റു ട്രോഫി വള്ളംകളിയെ എത്തിച്ചു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കോവിഡ് മഹാമാരി മൂലം നിശ്ചലമായിരുന്ന കാനഡ എന്ന വന്‍കരയ്ക്കു തന്നെ ഊര്‍ജ്ജം പകര്‍ന്നുകൊടുക്കത്തക്ക വിധത്തിലാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ തയാറെടുത്തുകൊണ്ടിരിക്കുന്നത് എന്നുള്ളതിന് ഉദാഹരണമാണല്ലോ ഡോ. എം.എ യൂസഫലിയേപ്പോലെയും, കേരളത്തിലെ ടൂറിസം വകുപ്പ് മന്ത്രിയേയും, ഭരണ -പ്രതിപക്ഷ നേതാക്കന്മാരേയുമെല്ലാം പങ്കെടുപ്പിച്ച് സൂം മീറ്റിംഗുകള്‍ നടത്തിയും ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞത്.

2021 ഓഗസ്റ്റ് 21-ന് നടത്താനിരിക്കുന്ന കനേഡിയന്‍ നെഹ്‌റുട്രോഫി വള്ളംകളി ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്ന ഒരു മഹാ സംഭവമായിത്തീരുമെന്നു നമുക്ക് പ്രത്യാശിക്കാം. കോവിഡ് മഹാമാരി മൂലം അടയ്ക്കപ്പെട്ട കാനഡയുടെ അതിര്‍ത്തികള്‍ അതിനുമുമ്പായി തുറക്കുമെന്ന് കേള്‍ക്കുന്നതും ആശ്വാസകരമാണ്. കനേഡിയന്‍ നെഹ്‌റുട്രോഫി വള്ളംകളിക്ക് നേതൃത്വം നല്കുന്ന കുര്യന്‍ പ്രക്കാനത്തിനും അദ്ദേഹത്തോടൊപ്പം നിരന്തരം പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.

റിപ്പോർട്ട്  : തോമസ് കൂവള്ളൂര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *