കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത എല്ലാവര്‍ക്കും വാക്സിനേഷന്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്യും.
വാക്സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം.
വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.