കൊല്ലം: അഷ്ടമുടിക്കായല്‍ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസമിതി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംരക്ഷണ കര്‍മപദ്ധതി പ്രഖ്യാപിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടത്തിയ സാങ്കേതിക ശില്‍പശാലയിലാണ് പ്രഖ്യാപനം. പുതുതായി വരുന്ന കേന്ദ്രസമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത് സമിതികളും ഇവയുടെ നിയന്ത്രണത്തില്‍ വാര്‍ഡ്തല സമിതികളും പപ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ തണ്ണീര്‍ത്തട അതോറിറ്റിയുടെ പരിധിയില്‍ അഷ്ടമുടി റാംസര്‍ സൈറ്റ് പ്രൊട്ടക്ഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കും. കായല്‍ യാത്രയില്‍ നടത്തിയ വിവരശേഖരണം അടിസ്ഥാനമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചീകരണത്തിനായി ജനകീയ യജ്ഞം സംഘടിപ്പിക്കും. മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരെ പങ്കാളികളാക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങി 10 ന് അവസാനിക്കും. കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം സെപ്തംബര്‍ 25നകം സംഘടിപ്പിക്കും. റവന്യു, ഫിഷറീസ്, ഇന്‍ലാന്റ് നാവിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഹരിത-ശുചിത്വ മിഷനുകള്‍ എന്നിവയെ ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 15നകം വകുപ്പുകള്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇവ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സമാന്തര പ്രവര്‍ത്തനവും നടത്തും.
മാലിന്യം ഒഴുക്കുന്നതിന്റെ വിവരങ്ങള്‍ ഒക്ടോബര്‍ 17 നകം സമര്‍പ്പിക്കാനാണ് ലക്ഷ്യം. വിവരശേഖരണത്തിന് വിദ്യാര്‍ഥികള്‍ മുതല്‍ സന്നദ്ധ പ്രവര്‍ത്തകരുടെവരെ പങ്കാളിത്തം തേടും. ഇത് അടിസ്ഥാനമാക്കി ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ശുചിത്വ മിഷന്‍ സ്വീകരിക്കും. ശുചിത്വകായല്‍ പദ്ധതി കേരളപ്പിറവി ദിനത്തില്‍ തുടങ്ങാനാണ് ലക്ഷ്യം. ഫിഷറീസ് വകുപ്പിനാകും മേല്‍നോട്ട ചുമതല. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം പുനരുപയോഗപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്കാണ് ചുമതല. നവംബര്‍ ഒന്നിന് വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കായല്‍ മാലിന്യമുക്ത പ്രതിജ്ഞയെടുക്കും. മാലിന്യനിക്ഷേപ സാധ്യതാ പ്രദേശങ്ങളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പാക്കും. ടി. കെ. എം-പെരുമണ്‍ എഞ്ചിനീയറിംഗ് കോളജുകളുടേയും ശാസ്ത്രജ്ഞരുടേയും നേതൃത്വത്തില്‍ കായലിന്റെ അവസ്ഥ സംബന്ധിച്ച് നിശ്ചിത ഇടവേളകളില്‍ പഠനങ്ങള്‍ നടത്തി പരസ്യപ്പെടുത്തും. മാസ് ക്യാമ്പയിനും അനുബന്ധമായി സംഘടിപ്പിക്കും. തുടക്കമെന്ന നിലയ്ക്ക് ലിങ്ക് റോഡ് പ്രദേശം ശുചീകരിച്ച് ആഴം കൂട്ടും. നിരീക്ഷണ സമിതിയുടെ നിയന്ത്രണത്തിലാകും പ്രവര്‍ത്തനങ്ങള്‍ എന്നും മേയര്‍ വിശദീകരിച്ചു.കാലാവസ്ഥാമാറ്റം മുന്നില്‍കണ്ടുള്ള സംരക്ഷണ പദ്ധതികളാണ് അഷ്ടമുടിക്കായി നടപ്പിലാക്കേണ്ടത് എന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതിനൊപ്പം മാലിന്യത്തിന്റെ ശുദ്ധീകരണവും പുനരുപയോഗവും സാധ്യമാക്കണം. ഇടവിട്ട കനത്ത മഴയും വെള്ളപ്പൊക്കവും മാറിയ സാഹചര്യത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കും. ഈ പശ്ചാത്തലത്തില്‍ കായല്‍തീര ജീവിതം കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏറ്റവുമധികം കിണറുകളും തുറസായ ജലസ്രോതസുകളും നാട്ടിലുണ്ട്. അവയിലെ ജലം കൃത്യമായി വിനിയോഗിച്ച് ജലക്ഷാമം ഒഴിവാക്കാനുമാകും. മലിനജലം പുനരുപയോഗപ്രദമാക്കുന്നതിന്റ ഭാഗമായി കൃഷിക്ക് ആവശ്യമുള്ള വളം കൂടി ഉദ്പാദിപ്പിക്കുന്നത് വലിയ മാറ്റത്തിനിടയാക്കും. അഷ്ടമുടിയുടെ സുരക്ഷ മുന്‍നിറുത്തിയുള്ള പഠനങ്ങള്‍ പ്രതീക്ഷ പകരുന്നു. കോര്‍പറേഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈകോര്‍ക്കുക വഴി കായലിന്റെ വീണ്ടെടുപ്പ് സുഗമമാകും എന്നും അദ്ദേഹം പറഞ്ഞു.ജനകീയ ഇടപെടലുകള്‍ വഴി കായല്‍ സംരക്ഷണം ഉറപ്പാക്കുന്ന രീതി അവലംബിക്കണമെന്ന് ശില്‍പശാലയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നഗരാസൂത്രണ വിദഗ്ധന്‍ ബൈലി ഇ. മേനോന്‍ പറഞ്ഞു. നവനഗര രൂപകല്‍പ്പനുയുടെ ഭാഗമായി തീരവും കടവുകളും സമീപ പ്രദേശങ്ങളും ജനങ്ങള്‍ക്ക് ഒത്തുകൂടാവുന്ന നിലയ്ക്ക് മാറ്റിയാല്‍ കയ്യേറ്റവും മാലിന്യ നിക്ഷേപവും പോലുള്ള വിപത്തുകള്‍ തടയാനാകും. കായലുമായി ബന്ധപ്പെട്ട ജൈവ വൈവിദ്ധ്യം കുറയുന്നത് പഠന വിധേയമാക്കി പരിഹാരമാര്‍ഗം കണ്ടെത്തണം എന്നും അദ്ദേഹം വ്യക്തമാക്കി.