ദുര്‍ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി. രാജീവ്

Spread the love

എറണാകുളം: സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

post

ഇതിനായുള്ള തീരുമാനങ്ങളുടെയും ദൃഢനിശ്ചയങ്ങളുടെയും അതിന്റെ പ്രയോഗത്തിനുള്ള സമര്‍പ്പണത്തിന്റെയും സന്ദര്‍ഭമാക്കി ഈ 75-ാം സ്വാതന്ത്ര്യ ദിനം മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ തീരുമാനങ്ങളും ഏറ്റവും ദരിദ്രനും ദുര്‍ബലവുമായവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുകയെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനാണ് ഗാന്ധിജി ഉപദേശിച്ചത്. തുല്യതയിലേക്ക് ജനതയെ ഉയര്‍ത്തുകയാണ് രാജ്യത്തിന്റെ ഉത്തരവാദിത്തം.

എല്ലാ മനുഷ്യരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍, സ്ത്രീ പദവി ഉയര്‍ത്താന്‍, വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഒരു നവകേരള നിര്‍മ്മിതിക്കാണ് കേരളം ശ്രമിക്കുന്നത്.

ഇന്ത്യ എന്ന വികാരം, വൈവിധ്യങ്ങളുടെ സമ്പന്നത, തുല്യത എന്നീ തത്വങ്ങളെ മുറുകെപ്പിടിച്ച് മുന്നേറുകയാണ് ഈ കാലഘട്ടത്തിന്റെ ദൗത്യം. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഓര്‍മ്മകളുടെ വീണ്ടെടുക്കലും നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വിലയിരുത്തലും ഇപ്പോള്‍ നാം എവിടെയെത്തി നില്‍ക്കുന്നു എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിന്റെയും സന്ദര്‍ഭം കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ വ്യത്യസ്ത ധാരകളിലൂടെ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരമാണ് ദേശീയ സങ്കല്‍പ്പം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യ എന്ന ആശയവും വികാരവും ശക്തിപ്പെടുത്തുന്നതില്‍ സ്വാതന്ത്ര്യ സമരം നിസ്തുലമായ സംഭാവന നല്‍കി. നാനാത്വത്തില്‍ ഏകത്വമെന്ന വൈവിധ്യങ്ങളുടെ സമ്പന്നതയെ കോര്‍ത്തിണക്കിയാണ് ഭരണ ഘടനയുടെ അടിത്തറയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങളെയൊന്നാകെ വിളക്കിച്ചേര്‍ക്കുന്നത് ഫെഡറലിസം എന്ന അടിത്തറയ്ക്കുള്ളില്‍ നിന്നാണ്. ഈ വൈവിധ്യങ്ങളെ കോര്‍ത്തിണക്കി ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നത് മതനിരപേക്ഷതയാണ്. വ്യത്യസ്ത ആചാരങ്ങളും ജീവിത രീതികളും ഭാഷകളും സംസ്‌കാരം, അനുഷ്ഠാനം , വസ്ത്രധാരണം ഇവയെല്ലാറുള്ള ജനതയെ തുല്യ പൗരന്മാരാക്കി നിലനിര്‍ത്തുന്നതില്‍ മതനിരപേക്ഷത വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *