ഏകോപനത്തിന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല
മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും പങ്കാളിത്തത്തോടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അതത് മേഖലകള്‍ കേന്ദ്രീകരിച്ച് കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ തലത്തില്‍ മാത്രമാക്കാതെ താഴേതട്ടിലേക്ക് വ്യാപിപ്പിക്കാനാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും സബ് കലക്ടര്‍മാരെ ചുമതലപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും കോവിഡ് പ്രോട്ടോകോള്‍ പാലനത്തിനൊപ്പം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് മേഖലകളിലെ ഡി.വൈ.എസ്.പിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. സബ് കലക്ടര്‍മാര്‍ യോഗം വിളിച്ച് ഡി.വൈ.എസ്.പിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാകും വരെ ഈ പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി പറഞ്ഞു. വരുന്ന അഞ്ച് മാസത്തിനകം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.