അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ രംഗത്ത്.
ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് പ്രസിഡന്റ് ബൈഡനോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ആഗസ്റ്റ് 16 തിങ്കളാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായ വിശ്രമമില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ അവര്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അനവധിയാണ്. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. മൂന്ന് പ്രമുഖ പത്രങ്ങളും ഒപ്പിട്ടു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

കാബൂളിലെ പ്രമുഖ വിമാനത്താവളമായ ഹമിദ് കര്‍സായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ഇപ്പോള്‍ അമേരിക്കന്‍ സേനയുടെ കൈവശമാണ്. ഇതിന് എപ്പോഴാണ് മാറ്റം സംഭവിക്കുക എന്നതു പ്രവചിക്കാനാവില്ല. പല വിമാന സര്‍വ്വീസുകളും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലെത്തിക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സംരക്ഷിക്കണമെന്നും പ്രസ്താവനയില്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *