തീരദേശ ഹൈവേയുടെ ഡിപിആര്‍ ഉടന്‍ തയ്യാറാക്കും

Spread the love

post

പയ്യാമ്പലം- അഴീക്കല്‍ പ്രദേശം ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മാഹി മുതല്‍ രാമന്തളി വലിയ പറമ്പ് വരെയുള്ള തീരദേശ ഹൈവേയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) ഉടന്‍ തയ്യാറാക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും (കെആര്‍എഫ്ബി) എഞ്ചിനീയര്‍മാരുടെ സംഘം അഴീക്കോട് മണ്ഡലത്തിലെ പയ്യാമ്പലം മുതല്‍ അഴീക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവിടെ പുതിയ അലൈന്‍മെന്റിന്റെ സാധ്യതയും പരിശോധിക്കും. പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ സഫലമാവുകയെന്ന് കെ വി സുമേഷ് പറഞ്ഞു. ടൂറിസം മേഖലയിലെ മുന്നേറ്റത്തിലും അതോടൊപ്പം പൊതു ഗതാഗത വികസനത്തിലും വലിയ കുതിച്ചു ചാട്ടത്തിന് കാരണമാവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ബിന്ദു, കിഫ്ബി ട്രാന്‍സ്പോര്‍ട്ടേഷന്‍ എഞ്ചിനീയര്‍ വിഷ്ണു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ വി സുമേഷ് എംഎല്‍എയ്ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. നേരത്തേ തീരദേശ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം ജില്ലയിലെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

മാഹി മുതല്‍ രാമന്തളി വലിയ പറമ്പ് വരെയുള്ള 71 കിലോമീറ്ററിലാണ് ജില്ലയില്‍ തീരദേശ ഹൈവേ കടന്നുപോകുന്നത്. പദ്ധതി നടത്തിപ്പിന്റെ സൗകര്യത്തിനായി ജില്ലയിലെ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളെ നാലു ഭാഗങ്ങളായി തിരിച്ചാണ് പ്രവൃത്തികള്‍ നടത്തുക. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉള്‍പ്പെടെയുള്ളവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *