സ്‌കോളര്‍ഷിപ്പുകള്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമം; എല്ലാ ന്യൂനപക്ഷ പദ്ധതികളിലും തുല്യനീതി വേണം : ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: എതാനും സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സര്‍ക്കാര്‍ ഖജനാവിലെ ഫണ്ടുപയോഗിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിലവില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയിലോ എണ്ണത്തിലോ കുറവുണ്ടാകരുത് എന്ന വ്യവസ്ഥയോടെ ജൂലൈ 17ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ചില സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം പുനഃക്രമീകരിച്ചതുകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധ സമീപനം.

കോടതിവിധിയെത്തുടര്‍ന്ന് ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം പരിഹരിച്ചുവെന്ന് നടത്തുന്ന ആസൂത്രിതമായ പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. സ്‌കോളര്‍ഷിപ്പുകൂടാതെ ഒട്ടേറെ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളിലെല്ലാം കടുത്ത വിവേചനമാണ് കാലങ്ങളായി ക്രൈസ്തവര്‍ നേരിടുന്നത്. ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവ കൂടാതെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ നടത്തിപ്പു സമിതികളിലും ക്രൈസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്ന സാഹചര്യമിപ്പോഴും തുടരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ സംസ്ഥാനത്തു നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെയുള്ള പദ്ധതികളിലും ക്രൈസ്തവരെ പരിപൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നതിനും നീതീകരണമില്ല. ന്യൂനപക്ഷ കമ്മീഷന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ അടിയന്തര തിരുത്തലുകള്‍ക്ക് തയ്യാറാകണം. കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടത്തുന്ന പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കണം. അയല്‍സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കായി നടത്തുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പഠനവിഷയമാക്കണം. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന തുല്യനീതി ക്രൈസ്തവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇത് ആരുടെയും ഔദാര്യമല്ലെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Author

Leave a Reply

Your email address will not be published. Required fields are marked *