സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂര്‍ കുറ്റവിമുക്തന്‍ – ജോബിന്‍സ്

ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തില്‍ ശശി തരൂര്‍ പ്രതിയല്ല. ദില്ലി റോസ് അവന്യൂ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റമായിരുന്നു തരൂരിനെതിരെ ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്ന്  ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വിധി പറഞ്ഞു.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദപുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം ഉറക്ക ഗുളികയ്ക്ക് സമാനമായ ഗുളികകള്‍ അമിതമായി കഴിച്ചതിനാലാണെന്നും ശരീരത്തില്‍ 12 മുറിവുകള്‍ ഉണ്ടായിരുന്നെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരീകാവയവങ്ങളില്‍ വിഷാംശമുണ്ടെന്നും കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കും നിരവധിയാളുകളുടെ മൊഴിയെടുക്കലുകള്‍ക്കും ശേഷം 2018 മെയ് 15 ന് തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തരൂരിന് കോടതി സ്ഥിരജാമ്യം അനുവദിച്ചിരുന്നു. ഈ കുറ്റാരോപണത്തില്‍ നിന്നുമാണ് തരൂര്‍ ഇപ്പോള്‍ മോചിതനായിരിക്കുന്നത്.
വിധി വന്നശേഷം ഓണ്‍ലൈനിലൂടെ പ്രതികരിച്ച ശശി തരൂര്‍ വിധിയെ സ്വാഗതം ചെയ്യുകയും കോടതിയ്ക്ക് നന്ദി പറയുകയും ചെയ്തു. അല്പം വൈകിയെങ്കിലും നീതി ലഭിച്ചെന്നും സുനന്ദയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച് ദു:സ്വപ്‌നത്തിന് പര്യവസാനമായെന്നും പറഞ്ഞു. കഴിഞ്ഞ ഏഴര വര്‍ഷം അനുഭവിച്ചത് കടുത്ത മാനസീക സംഘര്‍ഷമായിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
em

Leave a Reply

Your email address will not be published. Required fields are marked *