ആഗോള തലത്തില്‍ മുന്നിലെത്തി കോഴിക്കോട് നിന്നൊരുവിമാന ബുക്കിങ് പ്ലാറ്റ്‌ഫോം

Spread the love

കോഴിക്കോട്: രാജ്യാന്തര വിമാന കമ്പനികള്‍ ഉപയോഗിക്കുന്ന നൂതന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളുടെ മുന്‍നിരയില്‍ ഇടം നേടി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി നുകോര്‍ വികസിപ്പിച്ച നുഫ്ളൈറ്റ്സ്. വിമാന കമ്പനികള്‍ക്ക് അതിവേഗം ടിക്കറ്റുകളും അവരുടെ മറ്റുല്‍പ്പന്നങ്ങളും വില്‍ക്കാനും ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ കമ്പനികള്‍ എന്നിവര്‍ക്ക് വേഗത്തില്‍ ബുക്കിങ് നടത്താനും ഈ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു. ഇടനിലക്കാരുടെ ചെലവുകള്‍ കുറയുന്നതോടെ എയര്‍ലൈനുകള്‍ക്ക് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചു നല്‍കാനും നുഫ്ളൈറ്റ്സ് വഴിയൊരുക്കുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്  എന്നീ വമ്പന്മാരാണ് ഏറ്റവും പുതുതായി നുഫ്‌ളൈറ്റ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് മാറാനായി നുകോറുമായി കരാര്‍ ഒപ്പിട്ടവരില്‍ പ്രമുഖര്‍.

രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനായ അയാട്ടയുടെ ഏറ്റവും പുതിയ എന്‍.ഡി.സി മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് ആഗോള തലത്തില്‍ തന്നെ നേതൃപരമായ പങ്കുവഹിക്കാനും എയര്‍ലൈന്‍ കമ്പനികളുടേയും അയാട്ടയുടേയും പ്രശംസ നേടാനും നുഫ്‌ളൈറ്റ്‌സിലൂടെ കമ്പനിക്ക് സാധിച്ചുവെന്ന് നുകോര്‍ സിഇഒ സുഹൈല്‍ വി.പി പറഞ്ഞു. 34 രാജ്യങ്ങളിലായി 620ലേറെ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.

്’നിലവില്‍ വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും നേരിടുന്ന ബുക്കിങ് അനുബന്ധമായ എല്ലാ പോരായ്മകളും വേഗത്തില്‍ പരിഹരിക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ വിമാന കമ്പനികളേയും ട്രാവല്‍ ഏജന്‍സികളേയും നുകോര്‍ സഹായിക്കുന്നു. 15 വര്‍ഷത്തോളം ട്രാവല്‍ ടെക്ക് രംഗത്തുള്ള അനുഭവ സമ്പത്തും ആഗോള തലത്തില്‍ വിപുലമായ ഉപഭോക്തൃ ശൃംഖലയുമാണ് ഈ നേട്ടത്തില്‍ മുഖ്യ ഘടകമായത്’, നുഫ്ളൈറ്റ്സ് പ്രൊജക്ട് മേധാവിയും നുകോര്‍ സഹസ്ഥാപകനും കമ്പനിയുടെ ഗ്ലോബല്‍ പ്രോഡക്ട് ആന്‍ഡ് സൊല്യൂഷന്‍സ് ഡയറക്ടറുമായ മോഹന്‍ ദാസ് പറഞ്ഞു. ട്രാവല്‍ ടെക്ക് രംഗത്ത് അതിനൂതനവും വിപ്ലവകരവുമായ സാങ്കേതിക വിദ്യകള്‍ക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു വരുന്നയാളാണ് മോഹന്‍ ദാസ്. കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ നൂറോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന നുകോര്‍ കോവിഡാനന്തര ട്രാവല്‍ ബിസിനസ് മേഖലയ്ക്ക് അനുയോജ്യവും അത്യാവശ്യവുമായ ഉല്‍പ്പന്നങ്ങളുടെ പണിപ്പുരയിലാണ്.

18 വര്‍ഷം മുമ്പ് കോഴിക്കോട് എന്‍.ഐ.ടിയില്‍ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് ഒരു സ്റ്റാര്‍ട്ടപ്പായാണ് നുകോറിന് തുടക്കമിട്ടത്. ട്രാവല്‍ ടെക്ക് രംഗത്ത് ശ്രദ്ധയൂന്നിയ സംരംഭം മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ പസഫിക്, തെക്കന്‍ ഏഷ്യ എീ മേഖലകളില്‍ വിമാനയാത്രാ ബുക്കിങ് രംഗത്തും, ട്രാവല്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയര്‍ രംഗത്തും ഏറ്റവും മുന്നിലാണ്- സുഹൈല്‍ പറഞ്ഞു. ടെക്നോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് നിയാസ്, സ്ട്രാറ്റജി മേധാവി കൃഷ്ണ കുമാര്‍ എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍.

                       റിപ്പോർട്ട്  :   ASHA MAHADEVAN (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *