ന്യൂയോർക്ക് സിറ്റിയിൽ വാക്സിൻ മാൻഡേറ്റ് ആർക്കൊക്കെ?
ന്യൂയോർക്ക് സിറ്റിയിലെ 5 ബോറോകളിലായി ഇൻഡോർ വാക്സിൻ മാൻഡേറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ മേയർ ബിൽ ഡി ബ്ലാസിയോ പുറത്തുവിട്ടു. സെപ്തംബർ 13 നു ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിബന്ധനപ്രകാരം, വാക്സിൻ സ്വീകരിച്ചതിന്റെ രേഖ ഇൻഡോർ റെസ്റ്റോറന്റ്, ബാറുകൾ, മ്യൂസിയം, മൂവീ തീയേറ്റർ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ കയ്യിൽ കരുതണം. എന്നാൽ ഓഫീസുകൾ, കമ്മ്യൂണിറ്റി-സീനിയർ സെന്ററുകൾ, ഔട്ഡോർ ഡൈനിങ്ങ് എന്നീ ഇടങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ പ്രൂഫ് ആവശ്യമില്ല. നിലവിൽ വാക്സിനേഷന് അർഹരായ പ്രായപരിധിയിൽ ഉള്ളവർക്കാണ് വാക്സിൻ രേഖ ആവശ്യം. 12 വയസ്സിൽ താഴെയുള്ളവരുടെ പ്രവേശനത്തിന് ഇത് ആവശ്യമില്ല. പാർസൽ എടുക്കുന്നതിനോ ഓർഡർ നൽകുന്നതിനോ വേണ്ടി റെസ്റ്റോറന്റിൽ ഹ്രസ്വമായ സന്ദർശനം നടത്തുന്നവർക്കും വാക്സിൻ പ്രൂഫ് ആവശ്യമില്ല. ന്യൂയോർക്ക് സിറ്റിയിലെ താമസക്കാരല്ലാതെ ജോലിയുടെ ഭാഗമായി സ്പോർട്സ് ടീമിനൊപ്പവും കലാസംഘങ്ങളോടൊപ്പവും വന്നുപോകുന്നവർക്കും വാക്സിൻ പ്രൂഫ് നിർബന്ധമല്ല.
സെപ്റ്റംബർ 13 മുതൽ ഈ നിബന്ധന പാലിക്കാത്തവർക്ക് 1000 ഡോളർ പിഴ ചുമത്തും. രണ്ടാമതും ആവർത്തിച്ചാൽ 2000 ഡോളർ പിഴ ഈടാക്കും. വാക്സിനേഷന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരെയും കുത്തിവയ്പ്പ് നേടാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിബന്ധനകൾ പരിഷ്കരിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു.ഡെൽറ്റ വേരിയന്റ് മൂലം കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയ 5 ബറോകളിലാണ് നിബന്ധന നടപ്പാക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ എല്ലാം ആസ്വദിക്കാനും എവിടെയും പ്രവേശിക്കാനും ആളുകൾക്ക് അവകാശവും അനുവാദവും ഉണ്ടെന്നും വാക്സിൻ നേടിയിരിക്കണം എന്ന നിബന്ധന ഒരേയൊരു മാത്രമേയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
റേഡിയോ, ടിവി, സോഷ്യൽ മീഡിയ , സബ്‌വേ ലൈവ്ബോർഡുകൾ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ വാക്സിനേഷൻ ബോധവൽക്കരണം നടത്താൻ 10 മില്യൺ ഡോളറിന്റെ പദ്ധതി ഓഗസ്റ്റ് 3 ന് ആരംഭിച്ചിരുന്നു.
ഇത്തരം നിയമങ്ങൾ, ജനങ്ങളുടെ സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുമെന്നും ബിസിനസിൽ പുരോഗതി ഉണ്ടാക്കുമെന്നും വീണ്ടുമൊരു അടച്ചിടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സഹായകമാകുമെന്നുമാണ് ന്യൂയോർക്ക് സിറ്റിയുടെ പ്രതീക്ഷ
em