ഒളിംപ്യന്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി. രാജീവ്

എറണാകുളം: ഒളിംപിക്‌സ് മെഡല്‍ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച് മലയാളത്തിന്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യന്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിന്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനവും കൈമാറി. തന്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നല്‍കി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഓണാശംസകള്‍ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.
post
സ്‌പോര്‍ട്‌സില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമ്പോള്‍ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്ട്‌സ് ട്രെയിനിംഗ് സ്‌കൂളുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം.  ഇക്കാര്യം കായിക വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്ന് ശ്രീജേഷ് പറഞ്ഞു. വലിയ അഭിമാനമാണ് മന്ത്രി വീട്ടിലെത്തിയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് തന്നെ വിളിച്ചപ്പോഴും തോന്നിയതെന്നും ശ്രീജേഷ് പറഞ്ഞു. പി.വി. ശ്രീനിജിന്‍ എം എല്‍ എ യ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്‍കി. ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി സമ്മാനമായി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *