കാര്‍ഷിക രംഗത്തിന് പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കും; മന്ത്രി റോഷി അഗസ്റ്റിന്‍

post

പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് തുടക്കം

കോഴിക്കോട്: കാര്‍ഷിക രംഗത്തിന് പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കുകയെന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചെറുപ്പാക്കാരടക്കമുള്ള നിരവധിപേര്‍ കാര്‍ഷിക രംഗത്തേക്ക് വന്നിട്ടുണ്ട്. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ നയം വലിയ മാറ്റമാണുണ്ടാക്കിയത്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ള നടപടികള്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സമഗ്രമായ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കാര്‍ഷിക മേഖലയില്‍, കുടിവെള്ള ലഭ്യതയില്‍, പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍, വിനോദ സഞ്ചാര മേഖലയില്‍ എന്നിവയ്ക്കെല്ലാം പ്രയോജനകരമാകുന്ന പദ്ധതിക്കാണ് പൂളക്കടവിലും തുടക്കം കുറിക്കുന്നത്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള ഇറിഗേഷന്‍ ടൂറിസം കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഗ്രാമീണ ടൂറിസത്തിന് അവസരം സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. കെ എം മാണി ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതി നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി ആരംഭിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

കുരുവട്ടൂര്‍ പഞ്ചായത്തിലെ പറമ്പില്‍ബസാറിനെയും കോര്‍പറേഷനിലെ പൂളക്കടവിനെയും ബന്ധിപ്പിച്ചാണ് പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കിഫ്ബിയിലുള്‍പ്പെടുത്തി 25.10 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 22.75 കോടി രൂപയ്ക്ക ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. 18 മാസമാണ് നിര്‍മ്മാണ കാലയളവ്. ഗതാഗതം സുഗമമാക്കുന്നതോടൊപ്പം കോര്‍പറേഷനിലും സമീപ പഞ്ചായത്തുകളിലും ജലലഭ്യത ഉറപ്പു വരുത്തുക, കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പാക്കുക, പ്രദേശത്തെ ഭൂഗര്‍ഭ ജലലഭ്യത ഉറപ്പു വരുത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  54 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ആര്‍.സി.ബിയില്‍ 12 മീറ്റര്‍ നീളമുള്ള 4 സ്പാനുകളുണ്ടാകും.  പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 4 ഷട്ടറുകളാണുണ്ടാവുക. ഇതിനാവശ്യമായ ജനറേറ്റര്‍ സംവിധാനവും ഒരുക്കും. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ ജലം സംഭരിക്കാനാകും. ഇരുവശത്തും 7.5 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *