വാഷിംഗ്ടണ്‍ ഡി.സി : മെക്‌സിക്കോ യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന ‘റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ’ (REMAIN IN MEXICO) പോളിസിക്ക് സ്‌റ്റേ നല്‍കണമെന്ന ബൈഡന്‍ ഗവണ്മെന്റിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി . ബൈഡന്റെ ഇമിഗ്രെഷന്‍ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി .
ആഗസ്റ്റ് 24 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഒന്‍പത് ജഡ്ജിമാരില്‍ ആറു പേരുടെ പിന്തുണയോടെ പുറപ്പെടുവിച്ചത് . ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാര്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി .
ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ചത് .
പുതിയ ഉത്തരവ് ടെക്‌സസ് ഗവണ്‍മെന്റിന്റെയും മിസോറി സംസ്ഥാനത്തിന്റെയും വിജയമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു . മെക്‌സിക്കോ ടെക്‌സസ് അതിര്‍ത്തിയില്‍ ആയിരകണക്കിന് അഭയാര്‍ത്ഥികളാണ് അവരുടെ ഊഴവും കാത്ത് കഴിയുന്നത് . ഗവര്‍ണര്‍ ഗ്രെഗ് എംബര്‍ട്ട് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു .
കഴിഞ്ഞ ആഴ്ച ടെക്‌സസിലെ ഫെഡറല്‍ ജഡ്ജി ട്രംപിന്റെ പോളിസി പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിട്ടിരുന്നു . അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പുതിയ ഉത്തരവ് സ്വാഗതം ചെയ്തു .
അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും , നിയമനടപടികള്‍ പൂര്‍ത്തീകരിച്ചും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നല്‍കാവൂ എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത് .