അലബാമ : ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു . ഹേലി റിച്ചാര്‍ഡ്‌സണ്‍ (32) ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു എന്നിവരാണ് കോവിഡിന് കീഴടങ്ങിയത് .
കോവിഡിനെ തുടര്‍ന്ന് നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ ആഗസ്‌ററ് 18 ന് കുഞ്ഞും രണ്ടു ദിവസത്തിന് ശേഷം ആഗസ്റ്റ് 20 ന് മാതാവും അന്തരിക്കുകയായിരുന്നു.
ഫ്‌ലോറിഡ പെന്‍സ കോള അസന്‍ഷന്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സായിരുന്നു ഹേലി . ഇവരും ഭര്‍ത്താവും രണ്ടു വയസ്സുള്ള മകളും ഒരുമിച്ച് അലബാമയിലായിരുന്നു താമസിച്ചിരുന്നത് .
ജൂലായ് ഒടുവിലാണ് ഹേലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയമാണ് ഇവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ഭര്‍ത്താവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു .
കോവിഡ് വന്നുവെങ്കിലും വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും അലബാമ മൊബൈല്‍ യു.എസ്എ. ഹെല്‍ത്ത് മെയില്‍ ആശുപത്രി ഈ ഐ.സി.യു വില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഭര്‍ത്താവ് കണ്ണീരോടെ പറഞ്ഞു . നല്‍കാവുന്നതില്‍ വച്ച് ഏറ്റവും നല്ല ചികിത്സ നല്‍കിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല . ഈ അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും ഗര്‍ഭസ്ഥാവസ്ഥയിലും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അപാകതയില്ലെന്നുമാണ് ഭര്‍ത്താവ് മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം .