കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചത്: മന്ത്രി വീണാ ജോര്‍ജ്

Spread the love

ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ പഠനം നടത്തിയ ഏക സംസ്ഥാനം കേരളം

സ്വയം പ്രതിരോധം ഏറെ പ്രധാനം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസില്‍ ഒരെണ്ണം വീതം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെയര്‍ത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ല്‍ ഒന്നാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിനെടുത്തു. 25.51 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവര്‍, കിടപ്പുരോഗികള്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐ.സി.എം.ആര്‍. നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു. ഇനിയും രോഗം വരാനുള്ളവര്‍ 50 ശതമാനത്തിലധികമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇനി പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മരണം കൃത്യമായി ജില്ലാതലത്തില്‍ തന്നെ ഓരോ ദിവസവും പ്രഖ്യാപിക്കുന്നുണ്ട്. ഇതിന് പ്രത്യേക സൈറ്റും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ പലപ്പോഴും ആര്‍ടിപിസിആറും ചെയ്യാറുണ്ട്. ഒരു രോഗിയെപോലും കണ്ടെത്താതെ പോകരുതെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിന് പ്രാധാന്യം നല്‍കണം. ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കണം. ബന്ധുവീടുകളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളുമായി പുറത്തുപോകുന്നതും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. വ്യാപനം തടയുന്നതിനായി വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി

മെയ് 12ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് കേസ്. 2020ല്‍ ഓണത്തിന് മുമ്പ് ആഗസ്തില്‍ 1500ഓളം രോഗികളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ഓണത്തിന് ശേഷം സെപ്റ്റംബറോടെ ഇത് മൂന്നിരട്ടിയായി വര്‍ധിച്ചു. ഒക്‌ടോബറില്‍ ഏഴിരട്ടിയായി വര്‍ധിച്ച് 12,000 ല്‍ അധികം രോഗികളുണ്ടായി. ഇത്തവണയും ഈ ജാഗ്രതനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ഇനിയും ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം തടയാനാകും.

ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ സംബന്ധിച്ച് പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ജില്ലാതലത്തില്‍ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേരളം ഇത്തരം പഠനങ്ങള്‍ നടത്തുന്നത്.

ഐസിയു, വെന്റിലേറ്റര്‍ കിടക്കകളില്‍ രോഗികള്‍ വളരെ കുറവാണ്. ഐസിയുവില്‍ 2131 എണ്ണത്തിലും വെന്റിലേറ്ററില്‍ 757 എണ്ണത്തിലും മാത്രമാണ് രോഗികളുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുകളില്‍ 43 ശതമാനവും വെന്റിലേറ്ററുകളില്‍ 75 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസികളില്‍ 82 ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 720 കേന്ദ്രങ്ങളിലായി 33,394 കിടക്കളാണ് ഡിസികളിലുള്ളത്. അതില്‍ 6013 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. സിഎഫ്എല്‍ടിസികളില്‍ 66ഉം സിഎസ്എല്‍ടിസികളില്‍ 54ഉം ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. സൗകര്യമില്ലാത്തവര്‍ കഴിവതും ഡിസിസികളിലേക്ക് മാറണം. പരിശോധന ഫലം വരുന്നതുവരെ ഒറ്റയ്ക്ക് കഴിയണം. നിലവിലുള്ള രോഗവര്‍ധന സംബന്ധിച്ച് അവലോകനം നടത്തും.

സംസ്ഥാനത്ത് മരണനിരക്ക് 0.5 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരിയുടെ ഇരട്ടി ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. നഗര ഗ്രാമ വ്യത്യാസം ഇക്കാര്യത്തിലില്ല. എന്നിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു.

കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് മാറ്റമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ അതിനുള്ള നടപടിയും ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *