പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം ;ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

Spread the love
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി. RDDമാർ, ADമാർ ജില്ലാ കോ-ഓർഡിനേറ്റർമാർ, അസി. കോ-ഓർഡിനേറ്റർമാർ എന്നിവരുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് , പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ്, ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ എസ് എസ് വിവേകാനന്ദൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
RDD മാരുടേയും AD മാരുടേയും നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു ചേർത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്കൂൾ പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിച്ചു ചേർക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും.  RDD മാർ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടർക്ക് റിപ്പോർട്ട് നൽകണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *