സാന്‍ ആഞ്ചലോ : ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്കിനെതിരെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ് (30) ഒരു മാസത്തോളം കോവിഡിനോട് പടപൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാതെ കോവിഡിന് കീഴടങ്ങി
ശാന്തമായ മരണം വരിക്കുകയായിരുന്നുവെന്ന് കാലേബിന്റെ ഭാര്യ ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നു കുട്ടികളുടെ പിതാവും , നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കാന്‍ ചില ദിവസങ്ങള്‍ കൂടി ശേഷിച്ചിരിക്കെയാണ് കാലേബിനെ മരണം പിടികൂടിയത് .
2020 ജൂലായ് നാലിനാണ് ആദ്യമായി സാന്‍ അഞ്ചലോയില്‍ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് . സാന്‍ ആഞ്ചലോ ഫ്രീഡം ഡിഫന്‍ഡേഴ്‌സ് എന്നൊരു സംഘടനക്കും കാലേബ് രൂപം നല്‍കി .
ജൂലായ് 26 നാണ് ഭര്‍ത്താവിന് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും എന്നാല്‍ പരിശോധന നടത്തുന്നതിനോ ആശുപത്രിയില്‍ പോകുന്നതിനോ അദ്ദേഹം തയ്യാറായില്ലെന്നും ഭാര്യ ജെസ്സിക്ക വാലസ് പറഞ്ഞു . പകരം വിറ്റാമിന്‍ സി , സിങ്ക് , ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളാണ് കാലേബ് കഴിച്ചത് .
കന്നുകാലികള്‍ക്ക് നല്‍കുന്ന ഈ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് . ജൂലായ് 30 ന് കാലേബിനെ ആശുപത്രിയിലേക്ക് മാറ്റി . ആഗസ്റ്റ് 8 മുതല്‍ അബോധാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിലായിരിക്കെ ആഗസ്റ്റ് 26 ന് മരണപ്പെടുകയായിരുന്നു . ഭാര്യയെയും മക്കളെയും അതിരറ്റ് സ്‌നേഹിച്ചിരുന്നു കാലേബ് , ഭാര്യ ജെസ്സിക്ക പറഞ്ഞു .