ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍ ഔദാര്യമല്ല; അവകാശമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Spread the love

ശുഭയാത്ര ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശുഭയാത്ര പദ്ധതിയില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ് കേരളം. വെല്ലുവിളികളെ മറികടന്ന് മികച്ച ജീവിത നിലവാരത്തിലേക്കുയരാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയണം. അവരുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുത്തു കൊണ്ട് അവരുടെ അവകാശങ്ങള്‍ നിറവേറ്റുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വേറിട്ട കഴിവുകളുള്ള അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം, പുനരധിവാസം തുടങ്ങിയവക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭിന്നശേഷി വിഭാഗക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ കരുതലോടെ മുന്നോട്ടു പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

post

ഇത് അഭിമാന നിമിഷം; ഇവരിനി ഇലക്ട്രോണിക് വീല്‍ചെയറില്‍ സ്വതന്ത്രരായി സഞ്ചരിക്കും

വാനില്‍ ഉയര്‍ന്നു പറക്കാന്‍ ചിറക് മുളച്ചതിന്റെ ആഹ്ലാദമായിരുന്നു 26കാരി മഞ്ജുവിന്. ശുഭയാത്ര പദ്ധതിയില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അത്യാധുനിക ഇലക്ട്രോണിക് വീല്‍ ചെയര്‍ തദ്ദേശ സ്വയംഭരണ വകുപ്പ്്മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററില്‍ നിന്നും ഏറ്റുവാങ്ങിയത് മഞ്ജുവാണ്.

‘ഇനി സിഎക്ക് പഠിക്കണം, ഒരു സര്‍ക്കാര്‍ ജോലി ഉറപ്പിക്കണം’ മഞ്ജു മനസ് തുറന്നു. ജന്മനാ മുട്ടിനു താഴെ ചലനശേഷി നഷ്ടപ്പെട്ടതാണ് പാപ്പിനിശേരി സ്വദേശിനി എം മഞ്ജുവിന്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പത്താമത്തെ വയസിലാണ് സ്‌കൂളില്‍ ചേരാന്‍ സാധിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളില്‍ പഠിച്ചു. അമ്മയായിരുന്നു സ്‌കൂളിലേക്ക് ദിവസവും എടുത്തു കൊണ്ടു പോയിരുന്നത്. ഇപ്പോള്‍ പ്ലസ് ടു കൊമേഴ്സ് പൂര്‍ത്തിയാക്കി. സി എ ഫൗണ്ടേഷന്‍ കോഴ്സിന് ചേരണം. സ്വയം നിയന്ത്രിക്കാനാവുന്ന വീല്‍ചെയര്‍ കിട്ടിയതോടെ സഞ്ചരിക്കാന്‍ പ്രയാസമില്ലാതായി. സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചതിന്റെ സന്തോഷം മഞ്ജുവിന്റെ കണ്ണുകളില്‍ നിറഞ്ഞു.

ഫ്ളക്സ് ഒട്ടിക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നും കൂത്തുപറമ്പ് സ്വദേശി മവ്വേരി ഷൈജുവിന് ഷോക്കേല്‍ക്കുന്നത്. ആയുസ്സിന്റെ ബലം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നതാണെന്ന് ഷൈജു പറയുന്നു. എട്ട് വര്‍ഷമായി കിടക്കയില്‍ നിന്നും അനങ്ങാനാവാതെ കഴിച്ചുകൂട്ടിയ ദിവസങ്ങള്‍. ഇലക്ട്രോണിക് വീല്‍ ചെയര്‍ ലഭിച്ചതോടെ ഏറെ ആശ്വാസമായെന്ന് ഷൈജു പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനുമുണ്ട്. ഇനി തന്നാലാവുന്ന ചെറിയ ജോലികള്‍ എന്തെങ്കിലും തുടങ്ങാനാകുമെന്ന പ്രതീക്ഷയാണ് ഈ മുപ്പത്താറുകാരന്.

അഞ്ചാം വയസ്സില്‍ പോളിയോ ബാധിതയായ കതിരൂര്‍ സ്വദേശിനി തെക്കന്‍ ഉഷയും, 20 വര്‍ഷം മുമ്പ് ശരീരം തളര്‍ന്നു പോയ നടുവില്‍ സ്വദേശി വി എം അഷ്റഫും സന്തോഷം പങ്കുവെച്ചു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒരിക്കലും മാറിനില്‍ക്കേണ്ടവരല്ല തങ്ങളെന്നും ഈ ലോകം തങ്ങളുടേത് കൂടിയാണെന്നും ആ മുഖങ്ങളിലെ ചിരികളില്‍ നിന്ന് വായിച്ചെടുക്കാനാവും.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *