കുട്ടികളെ സംരക്ഷിക്കാം,ശുചീകരണത്തിൽ പങ്കാളിയാകാം; പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന്(02-09-2021) മുതൽ

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സന്നദ്ധ സംഘടനകൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളികൾ, യുവജന സംഘടനകൾ തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം എസ് എം വി സ്കൂളിൽ രാവിലെ 9 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8 മണിക്ക് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുക്കുന്നുണ്ട്. മറ്റ് ഇടങ്ങളിൽ എം എൽ എമാർ, തദ്ദേശ ഭരണ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാണ് ഹയർ സെക്കണ്ടറി പരീക്ഷ. സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ.
ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *