ഹൂസ്റ്റണിൽ ‘റാന്നി ചുണ്ടൻ’ നീറ്റിലിറക്കി റാന്നി അസോസിയേഷൻ ഓണാഘോഷം അവിസ്‌മരണീയമാക്കി

Spread the love
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച്  നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടൻ” ഹൂസ്റ്റണിൽ നീറ്റിലിറക്കി. ആ ചുണ്ടനുമായി രണ്ടാമതൊരു ടീം  ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി വള്ളപ്പാട്ടുകൾ പാടി ആവേശത്തോടെ തുഴയെറിഞ്ഞു മുന്നേറിയപ്പോൾ അക്ഷരാർത്ഥത്തിൽ മാഗിന്റെ ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദി “ആറന്മുളയെ”  ഓർമ്മപ്പെടുത്തിയപ്പോൾ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്‌ആർഎ) നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.  .

ഓഗസ്റ്റ് 28 നു ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു.പ്രസിഡന്റ് ജീമോൻ റാന്നി അധ്യക്ഷത വഹിച്ച ഉത്‌ഘാടന ചടങ്ങിൽ റാന്നി സ്വദേശിയും സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക വികാരിയുമായ റവ. ഫാ. വർഗീസ് തോമസും (സന്തോഷ് അച്ചൻ) മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവനും ചേർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സ്പോൺസർമാരുടെയും സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു.മീരാ സഖറിയയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സ്വാഗതം ആശംസിച്ചു.

ഫാ. വർഗീസ് തോമസ്, വിനോദ് വാസുദേവൻ. അസ്സോസിയേഷൻ ഉപ രക്ഷാധികാരി ബാബു കൂടത്തിനാലിൽ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മുൻ എംഎൽഎ രാജു എബ്രഹാം, കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാൻ, ഗുഡ് സമരിറ്റൻ സൊസൈറ്റി പ്രസിഡണ്ട് ഫാ. ബെൻസി മാത്യു കിഴക്കേതിൽ എന്നിവർ റാന്നിയിൽ നിന്നും ഓണാശംസകൾ നേർന്നു ആഘോഷരാവിനെ മികവുറ്റതാക്കി.

സ്പോൺസർമാരായ പ്രിയൻ ജേക്കബ്, ജോബിൻ, ഗീതു ജേക്കബ്, മാത്യൂസ് ചാണ്ടപിള്ള, ഷിജു എബ്രഹാം, സന്ദീപ് തേവർവേലിൽ, റജി.വി.കുര്യൻ, അനിൽ ജനാർദ്ദനൻ, ബിജു സഖറിയ എന്നിവരെ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.

സംഘടനയുടെ പ്രസിഡന്റയായി സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും , “ഹൂസ്റ്റണിലെ എം എൽ എ”  എന്ന് മുൻ റാന്നി   എം എൽ എ  രാജു എബ്രഹാം  ആശംസാ പ്രസംഗത്തിൽ വിശേഷിപ്പികുകയും ചെയ്ത ജീമോൻ റാന്നിയെ( തോമസ് മാത്യൂ)ബാബു കൂടത്തിനാലിൽ പൊന്നാട നൽകി ആദരിച്ചു.

തുടർന്ന് ജോയിന്റ് സെക്രട്ടറി ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള  ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ ‘മാവേലി തമ്പുരാനെ” വരവേറ്റു. ഹൂസ്റ്റണിൽ, പകരം വക്കാനില്ലാത്ത, വർഷങ്ങളായി  ‘സൂപ്പർ മാവേലി’യായി മികച്ച പ്രകടനം നടത്തുന്ന നല്ല ഒരു കലാകാരൻ കൂടിയായ റെനി കവലയിൽ ‘മാവേലി തമ്പുരാനെ’  ഉജ്ജ്വലമാക്കി.

ബിനുവിനോടൊപ്പം അസ്സോസിയേഷൻ അംഗങ്ങളായ സജി ഇലഞ്ഞിക്കൽ, ബാലു സഖറിയ, ആകാശ്, ഷിജു വർഗീസ്, റോയ് മാത്യു, ജൈജു കുരുവിള തുടങ്ങിയവർ ചെണ്ടമേളത്തിന്ന് താളക്കൊഴുപ്പ് നൽകി.

തുടർന്ന് വള്ളം നിർമമ്മാതാവു കൂടിയായ ബിനുവിന്റെ നേതൃത്വത്തിൽ റാന്നി ചുണ്ടൻ നീറ്റിലിറക്കി. താളലയ മേളങ്ങളോടെ നടത്തിയ ഒന്നാം വള്ളം കളിക്ക് ശേഷം  മെവിൻ ജോൺ പാണ്ടിയ ത്തിന്റെ നേതൃത്വത്തിൽ അല്പം ഹാസ്യരസത്തോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി മാറ്റി. റാന്നിയിലെ 12 പഞ്ചായത്തുകളുടെയും പേരുകൾ കോർത്തിണക്കി അവതരിപ്പിച്ച വള്ളംകളിയുടെ സംവിധായകൻ കലാകാരൻ കൂടിയായ മെവിൻ ആയിരുന്നു. ‘മാവേലിയും’ ഈ വള്ളം കളിയിൽ ഭാഗഭാക്കായി.

അസ്സോസിയേഷൻ അംഗങ്ങളും മികച്ച ഗായകരുമായ മീര സാഖ്‌, പ്രിയൻ, റോഷി, റോണി തുടങ്ങിവർ അടിപൊളി പാട്ടുകളുമായി ഓണാഘോഷത്തെ   അവിസ്മരണീയമാക്കി.

ഈ വർഷത്തെ “റാന്നി മന്നനായി”  തിരഞ്ഞെടുക്കപ്പെട്ട സജി ഇലഞ്ഞിക്കലിന് സീനിയർ അംഗം ഈശോ (സണ്ണി) തേവർവേലിലും ‘റാന്നി മങ്ക’യായി തിരഞ്ഞെടുക്കപ്പെട്ട മിന്നി ജോസഫ് കൂടത്തിനാലിന് സീനിയർ അംഗം ലീലാമ്മ തോമസും ട്രോഫികൾ നൽകി ആദരിച്ചു.

ജിജി ബാലുവും ജിനി മാത്യുവും ചേർന്നൊരുക്കിയ അത്തപ്പൂക്കളം മനോഹരമായിരുന്നു.

ജനറൽ കൺവീനർ  ബിജു സഖറിയയുടെ നേതൃത്വത്തിൽ ജിൻസ് മാത്യു, റോയ് തീയാടിക്കൽ, ബിനു സഖറിയ, സജി ഇലഞ്ഞിക്കൽ, ഷിജു ജോർജ്, ഷീജ ജോസ്, റീന സജി, ആഷ റോയ്, മിന്നി ജോസഫ്, ഷീല ചാണ്ടപ്പിള്ള, ജോളി തോമസ്, ജൈജു കുരുവിള, മാത്യൂസ് ചാണ്ടപ്പിള്ള, ജോയ് മണ്ണിൽ, വിനോദ് ചെറിയാൻ,എബിൻ,ജെഫിൻ, സ്റ്റീഫൻ തേക്കാട്ടിൽ തുടങ്ങിയവർ ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ ചുമതലകൾ നിർവഹിച്ചു,

ട്രഷററും പ്രോഗ്രാം കോർഡിനേറ്ററുമായ റോയ് തീയാടിക്കൽ എംസി യായി  പ്രവർത്തിച്ചു പരിപാടികൾ ഏകോപിപ്പിച്ചു.റോയ് തീയാടിക്കൽ നന്ദി പ്രകാശിപ്പിച്ചു.

അടപ്രഥമൻ, പരിപ്പ് പ്രഥമൻ, സേമിയ പായസം തുടങ്ങിയ  24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം  100ൽ പരം അംഗങ്ങൾ പങ്കെടുത്ത റാന്നി  ഓണം 2021 സമാപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *