കോഴിക്കോട് : ഹോം കെയര്‍ സേവനരംഗത്ത് നിര്‍ണ്ണായമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ആസ്റ്റര്‍ @ ഹോമിന്റെ നേതൃത്വത്തില്‍ ഉത്തര കേരളത്തില്‍ നടപ്പിലാക്കി. പി. കെ. കുഞ്ഞാലിക്കുട്ടി എം. എല്‍. എ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ആസ്റ്റര്‍ @ ഹോം ജീവനക്കാര്‍ വേങ്ങരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഡിവൈസിലൂടെ പരിശോധന നിര്‍വ്വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇ സി ജി, ഹൃദയസ്പന്ദനം, രക്തസമ്മര്‍ദ്ദം, ശരീര ഊഷ്മാവ്, കോവിഡ് പരിശോധന തുടങ്ങിയവ ഉള്‍പ്പെടെ പ്രാഥമികമായ മുഴുവന്‍ പരിശോധനകളും സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസിലൂടെ പരിശോധനാ വിധേയമാക്കുകയും, തത്സമയം തന്നെ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഡിവൈസുമായി കണക്ട് ചെയ്ത സംവിധാനത്തിലൂടെ വിലയിരുത്തുകയും ചെയ്തു.
കിടപ്പിലായ രോഗികള്‍, ആശുപത്രിയിലെത്തി ചികിത്സ നേടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് അവരെ ചികിത്സിക്കുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം വീട്ടിലിരുന്നുകൊണ്ട് തന്നെ തത്സമയം ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. സാധാരണ ടെലിമെഡിസിന്‍ സംവിധാനത്തെ അപേക്ഷിച്ച് രോഗിയുടെ പ്രാഥമികമായ പരിശോധനകളും, ഹൃദയസ്പന്ദനവും, ഇ സി യു യുമെല്ലാം ഡോക്ടര്‍ക്ക് നേരിട്ട് തന്നെ തത്സമയം ഡിവൈസിലൂടെ അറിയാന്‍ സാധിക്കുകയും ആവശ്യമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയും ചെയ്യും. ഇന്ത്യയിലാദ്യമായാണ് ഹോം കെയര്‍ സേവനത്തിന് സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസ് ഉപയോഗിക്കുന്നത്.
മുന്‍ വ്യവസായ വകുപ്പ് മന്ത്രിയും വേങ്ങര എം എല്‍ എ യുമായ ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മിംസ് സി ഇ ഒ ശ്രീ. ഫര്‍ഹാന്‍ യാസിന്‍, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മഹേഷ്, ഹോം കെയര്‍ വിഭാഗം ഡോക്ടര്‍മാരായാ ഡോ. മേരി, ഡോ. മുബീന, ഡോ. ജഷീറ മുഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു.
റിപ്പോർട്ട് : Vijin Vijayappan