കുഞ്ഞ് ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ശ്രീജയെ നേരിട്ട് വിളിച്ചത്.

അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റൈനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം നല്‍കണമെന്ന് ശ്രീജയ്ക്കു മനസിലായി. കുഞ്ഞിന്റെ ജീവന്‍ കരുതി കോവിഡ് സാധ്യത തല്‍ക്കാലം മറന്ന് കൃത്രിമ ശ്വാസം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ശ്രീജ നല്‍കിയ കൃത്രിമ ശ്വാസമാണ് കുട്ടിയെ ഏറെ സഹായിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ മാതൃകാപരമായി ക്വാറന്റൈനില്‍ പോയി.

Author

Leave a Reply

Your email address will not be published. Required fields are marked *