സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവന്‍കുട്ടി

Spread the love

post

തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി കേരളം) കേരളത്തിലെ കാഴ്ച കേള്‍വി ബുദ്ധിപരിമിതരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുമാറാണ് ജ്യോതിര്‍മയിയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തില്‍ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികള്‍, അവ നിര്‍മിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയില്‍ രക്ഷിതാക്കള്‍ക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷന്‍ നല്‍കും. ബെയില്‍, ഓറിയന്റേഷന്‍ & മൊബിലിറ്റി, നിത്യജീവിത നൈപുണികള്‍ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിലെ പരിശീലനം ലഭിച്ച അധ്യാപകരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി തയാറാക്കുന്ന വീഡിയോകള്‍ ആയതിനാല്‍ ഏറ്റവും മികച്ച പഠന വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ക്ക് ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ജ്യോതിര്‍മയി’ സിഗ്നേച്ചര്‍ വീഡിയോയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു നിര്‍വഹിച്ചു. ജ്യോതിര്‍മയിയുടെ ലോഗോ പ്രകാശനം സമഗ്രശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. യോഗത്തില്‍ സ്വാഗതം ആശംസിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് വിശദീകരിച്ചു. സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി.പ്രമോദ്, കരിക്കുലം വിഭാഗം മേധാവി ചിത്രാമാധവന്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ അഞ്ജന വി.ആര്‍. ചന്ദ്രന്‍ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *