ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധന, പകുതിയിലേറെയും കേരളത്തില്‍

Spread the love

Picture

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 4,05,681 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2,46,989 പേരും കേരളത്തിലാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് വരെ താഴ്ന്നിരുന്നു.

കേരളത്തില്‍ മാത്രമാണ് പ്രതിദിന രോഗികള്‍ രോഗമുക്തരേക്കാള്‍ വര്‍ധിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിലവില്‍ 53,999പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളില്‍ തുടരുകയാണ്.

2.5 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 42,618 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍, 29,322പേരും കേരളത്തില്‍ നിന്നാണ്.

അതേസമയം, 24 മണിക്കൂറിനകം 36,385 പേര്‍ രോഗമുക്തരായി. 330 പേര്‍ മരിച്ചു. പ്രതിദിന മരണനിരക്ക് കേരളത്തില്‍ നൂറിന് മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 92 കോവിഡ് മരണങ്ങളുണ്ടായി. ഡല്‍ഹിയടക്കം 13 സംസ്ഥാനങ്ങളില്‍ കോവിഡ് മരണങ്ങളുണ്ടായില്ല.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളില്‍ 10ന് താഴെയുമാണ് മരണ നിരക്ക്. ലക്ഷദ്വീപില്‍ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് കേസുകളും മരണവും സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 22രോഗികള്‍ മാത്രമാണ് ചികിത്സയില്‍. 10,348 പേര്‍ക്ക് ദ്വീപില്‍ ഇതുവരെ കോവിഡ് ബാധിച്ചു. 51 പേര്‍ മരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *