കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

Spread the love

post

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ മുന്നോട്ട് പോകാന്‍ സാധിച്ചത് അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപക ദിന സന്ദേശത്തില്‍ അറിയിച്ചു. വിദ്യാഭ്യാസം ഡിജിറ്റല്‍ മാദ്ധ്യമങ്ങളിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍ അദ്ധ്യാപകരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുണ്ടായി. പുതിയ അദ്ധ്യയന രീതി സ്വായത്തമാക്കാന്‍ അദ്ധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികളായി മാറേണ്ടി വന്നു. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്നു നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം  ഉറപ്പു വരുത്താന്‍ അവര്‍ക്കു സാധിച്ചു. അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധികം താമസിയാതെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അദ്ധ്യാപകര്‍ നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകണം. കഴിഞ്ഞ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍ നിന്നും ആര്‍ജ്ജിച്ച അനുഭവങ്ങളും അറിവുകളും ഭാവിയില്‍ നമുക്ക് പുതിയ കരുത്തും ദിശാബോധവും പകരും.

ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമായി മാറാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം. അദ്ധ്യാപക സമൂഹത്തിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്‍മുഖതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്. വര്‍ഗീയതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതെറിഞ്ഞു ജനാധിപത്യബോധവും മാനവികതയും ശാസ്ത്രബോധവും ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. സ്വതന്ത്രചിന്തയും സര്‍ഗാത്മകതയും കൈമുതലായ മനുഷ്യന്‍ ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ഉത്പന്നമെന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ പ്രസക്തമായ നിരീക്ഷണം നമ്മള്‍ മറന്നുകൂടാ.

ഏതു നാടിന്റെ വികാസത്തിനും ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നാണ് ആധുനിക വിദ്യാഭ്യാസം. അത് ഏറ്റവും മികച്ച രീതിയില്‍ സാധ്യമാക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് അദ്ധ്യാപകര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ട്. തങ്ങളില്‍ നിക്ഷിപ്തമായ ആ സാമൂഹിക ഉത്തരവാദിത്വം മികവുറ്റ വിധത്തില്‍ നിറവേറ്റുന്ന അദ്ധ്യാപകരോട് കേരള സമൂഹമാകെ കടപ്പെട്ടിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *