2019 നവംബറില്‍ നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാര്‍ഥ്യമാകുന്നു
ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
പത്തനംതിട്ട : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ലാബിന്റെ നിര്‍മാണപുരോഗതി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. .
സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കോന്നിയില്‍ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. കെട്ടിട നിര്‍മാണവും, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കെട്ടിടത്തിനു പുറത്ത് പൂട്ടുകട്ട പകാനുള്ള പ്രവര്‍ത്തി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ യോഗത്തില്‍ നിര്‍ദേശം നല്കി.
ലാബിലേക്കുള്ള വഴിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന കവാടത്തിന്റെ നിര്‍മാണവും ധ്രുതഗതിയില്‍ തന്നെ മുന്നേറുകയാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം സെപ്റ്റംബര്‍ 15ന് അകം പൂര്‍ത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. 3.80 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിര്‍മിക്കുന്ന 16000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. 2019 നവംബര്‍ മാസത്തില്‍ ആരംഭിച്ച് കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിര്‍മാണം പൂര്‍ത്തിയായി.
ലാബ് ആരംഭിക്കുന്നതിന്റെ ഭാഗമായി 82 പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനുള്ള ഫയല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതില്‍ തീരുമാനം വേഗത്തിലാക്കാന്‍ സജീവമായി ഇടപെട്ട് വരികയാണെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡയനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവര്‍ത്തിക്കുക.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബാണ് കോന്നിയില്‍ ആരംഭിക്കാന്‍ പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. നിരന്തര ഇടപെടലിലൂടെ സമയബന്ധിതമായി ലാബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമാണെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍, ഡപ്യൂട്ടി കണ്‍ട്രോളര്‍ പി.എം. ജയന്‍, അനലിസ്റ്റ് മോഹനചന്ദ്രന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എന്‍ജിനീയര്‍ ആര്‍. അരവിന്ദ്, കോണ്‍ട്രാക്ടര്‍ സപ്രു.കെ.ജേക്കബ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.