രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ (CITU)സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണ ചടങ്ങിലും സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകളെ ഏല്പിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പെട്രോളിയം ,വൈദ്യുതി,വിമാനത്താവളം, റെയിൽവേ, തുറമുഖങ്ങൾ, ഇൻഷുറൻസ് തുടങ്ങിപൊതുമേഖലയിൽ ഉള്ളതെല്ലാം സ്വകാര്യവൽക്കരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്രത്തിന്റെ നയം വ്യക്തമാക്കുന്നു.
കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് .
അടുത്തിടെ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ചോർച്ചയുണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം മൂലം
ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വെച്ചിരുന്നു. ഇതോടെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. കമ്പനിയുടെ പേരിൽ പ്രദേശവാസികൾ ഉന്നയിക്കുന്ന മാലിന്യ പ്രശ്നങ്ങളും മറ്റു പ്രാദേശിക പ്രശ്നങ്ങളും നേരത്തെ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ ചർച്ചകളിലൂടെ പരിഹരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആധുനിക മാലിന്യ നിർമാർജന പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ പ്രദേശവാസികളുടെ സഹായ സഹകരണം കൂടി വേണം. കമ്പനി വളരുന്നതിനോടൊപ്പം പ്രദേശവാസികൾക്ക് സഹായം നൽകാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു