സെപ്റ്റംബര്‍ 30ന് അകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുക ലക്ഷ്യം

Spread the love

post

പത്തനംതിട്ട : കോവിഡിനെ പ്രതിരോധിക്കുന്നതിന് സെപ്റ്റംബര്‍ 30ന് അകം  എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതു വരെ 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ എടുക്കാന്‍ സാധിച്ചു. കോവിഡ് കാലത്ത് ജീവനും അതോടൊപ്പം തന്നെ ജീവനോപാധിയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കോവിഡ് പോസിറ്റീവായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനു കാരണം ഡെല്‍റ്റാ വേരിയന്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാവരും സ്വയം പ്രതിരോധം സ്വീകരിക്കുകയാണ് പകര്‍ച്ച വ്യാധിയെ തടയാനുള്ള പ്രധാന മാര്‍ഗമെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 കുട്ടികളെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. ഇതുപ്രകാരം ലഭ്യമായ മൊബൈല്‍ ഫോണുകള്‍ മന്ത്രി വിതരണം ചെയ്തു. സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ബി. ശ്രീലേഖ ഫോണുകള്‍ ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപ വിലയുള്ള കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും മന്ത്രി ഏറ്റുവാങ്ങി. ഷാര്‍ജയിലുള്ള സെന്റ് മേരീസ് ക്‌നാനായ യൂത്ത് അസോസിയേഷനാണ് മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നല്‍കിയത്. ഇരവിപേരൂര്‍ പഞ്ചായത്തിനു പുറമേ റാന്നി, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിനും ഇതു വിതരണം ചെയ്യും. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള ആറു വയസുള്ള കുട്ടിയുടെ ചികിത്സയ്ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാസമിതി സമാഹരിച്ച ആറു ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്തു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് അംഗങ്ങളായ എല്‍സ തോമസ്, എന്‍.എസ്. രാജീവ്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.വിജയമ്മ ടീച്ചര്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *