നിപ വൈറസ്: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Spread the love

കണ്ടൈന്‍മെന്റ് സോണിലെ എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ പൂര്‍ത്തിയായി

ക്യാമ്പസുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കും

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. നിലവില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ, ഈ കേസുമായി ബന്ധമുണ്ടോ, മുമ്പ് സമാനമായ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ശ്രമിച്ചു.

അസ്വാഭാവികമായ പനിയോ അസ്വാഭാവികമായ മരണങ്ങളോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്. ഈ പ്രദേശങ്ങളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് ഈ കേസുമായി ഒരു ലിങ്കുമില്ല. ഇതിനായി രണ്ട് മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയിട്ടുള്ളത്. കോവിഡും നിപയും പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിളുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ കേന്ദ്രസംഘവും സന്ദര്‍ശിക്കുന്നുണ്ട്.

കോളേജ് വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചെയ്യുന്നതാണ്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുള്‍പ്പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ 77 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *