കെഎസ്ആര്‍ടിസിയില്‍ ലേ ഓഫ് അനുവദിക്കില്ല : തമ്പാനൂര്‍ രവി

Spread the love

 

കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള ജീവനക്കാരില്‍ 5000 പേരെക്കൂടി ലേ ഓഫ് നടപ്പാക്കി അഞ്ചുകൊല്ലം മാറ്റി നിര്‍ത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി.

സുശീല്‍ ഖന്നയുടെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി മൂന്ന് വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ധനമന്ത്രി തോമസ് ഐസക്കിനേയും റിപ്പോര്‍ട്ട് പൊക്കിനടന്ന് പിന്തുണച്ചവരെയും ഇപ്പോള്‍ കാണാനില്ല.ശമ്പളം നല്‍കാനുള്ള വരുമാനം പോലും ഇല്ലാതാക്കി.8500 താത്ക്കാലിക ജീവനക്കാരെയും 1661 സ്ഥിരം ജീവനക്കാരെയും ഒന്നാം പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു. മാത്രമല്ല അഞ്ചു വര്‍ഷത്തോളം പെന്‍ഷന്‍ പറ്റിയ 4200 പേര്‍ക്ക് പകരവും ഇതരവകുപ്പില്‍ ജോലി കിട്ടിയതിന്റെ പേരില്‍ രാജിവെച്ച 1800 പേര്‍ക്ക് പകരവുമുള്ള നിയമനം തടഞ്ഞു. ആശ്രിത നിയമനം നിഷേധിച്ചു.ഇക്കാലയളവില്‍ 348 ജീവനക്കാരാണ് സര്‍വീസിലിരിക്കെ മരണപ്പെട്ടത്. ഇതിനിടെയാണ് ലേ ഓഫ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 4000 പുതിയ ബസ്സുകള്‍ വാങ്ങുമെന്ന് പ്രഖ്യപിച്ചിട്ട് 110 ബസ്സുകള്‍ മാത്രമാണ് വാങ്ങിയത്.

കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5400 ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥലത്ത് ഇന്ന് 3000 ബസ്സ് ഓടിക്കാന്‍ പോലും സാധിക്കുന്നില്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനജീവതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോള്‍ രൂക്ഷമായ യാത്രാ പ്രശ്നങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളുമാണ് വരാന്‍ പോകുന്നത്.അതിനാല്‍ കൂടുതല്‍ ബസ്സുകള്‍ ഇറക്കി വരാനിരിക്കുന്ന യാത്രാ പ്രശ്‌നം രൂക്ഷമാകാതിരിക്കാനും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കേണ്ടത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കുന്ന നീതി കെഎസ്ആര്‍ടിസി ജീവനക്കാരോട് സര്‍ക്കര്‍ കാട്ടുന്നില്ല. ശമ്പളം തടയുന്നു. ഡിഎയും ശമ്പളപരിഷ്‌ക്കരണവും നിഷേധിക്കുന്നു. ഇതിന് പുറമെയാണ് ലേ ഓഫ് ഭീഷണി.ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും സര്‍വ്വശക്തിയും ഉപയോഗിച്ച് തൊഴിലാളിവിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *