സംസ്ഥാനത്തെ ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ആദിവാസി മേഖലയിൽ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പുരവിമല ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിൽ കെ യു ഐ ടി എസ് യുവിന്റെ ജ്യോതിർഗമയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ പഠനോപകരണങ്ങളിൽ ലാപ്ടോപ്പുകൾക്കാണ് മുൻഗണന നൽകുക. എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ജൂണിലെ കണക്കെടുപ്പിൽ ഈ മേഖലയിൽ 43,000 പേർക്കാണ് ഓൺലൈൻ ക്ലാസ് പഠന സൗകര്യം ഇല്ലാത്തത്. ഇതിൽ കുറെ പേർക്ക് ഇതിനകം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി കഴിഞ്ഞു. രണ്ടാംഘട്ട കണക്കെടുപ്പ് ഈ മാസം തന്നെ പൂർത്തിയാക്കും. ആദ്യം 10, 12 ക്ലാസുകളിലെ കുട്ടികൾക്കും പിന്നീട് മറ്റു ക്ളാസുകളിലെ കുട്ടികൾക്കും ആണ് ഉപകരണങ്ങൾ ലഭ്യമാക്കുക.

ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കുക എന്ന കർത്തവ്യമാണ് സർക്കാർ പൊതുജന പങ്കാളിത്തത്തോടെ നിറവേറ്റുന്നത്. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പുരവിമല ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിലെ വിദ്യാർത്ഥികളായ 16 പേർക്കും ഓൺലൈൻ ക്‌ളാസുകൾക്കായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി. പുരവിമലയിൽ കെ യു ഐ ടി എസ് യുവിന്റെ നേതൃത്വത്തിൽ 2000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ലൈബ്രറി സജ്ജീകരിക്കുന്നുണ്ട്. മത്സരപരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും ആവശ്യമായ പരിശീലനം ഈ മേഖലയിലെ യുവാക്കൾക്കു നൽകും.ചടങ്ങിൽ പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *