വിദ്യാകിരണം പദ്ധതിക്ക് വ്യവസായ പ്രമുഖരുടെയും പ്രവാസി സമൂഹത്തിന്റെയും പിന്തുണ

Spread the love

തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ആവിഷ്‌കരിച്ച വിദ്യാകിരണം പദ്ധതിക്ക് പിന്തുണയുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് സഹായവാഗ്ദാനം.

വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ സംബന്ധിച്ചും സഹായം ആവശ്യമുള്ള വിദ്യാര്‍ഥികളെ കുറിച്ചുമുള്ള വിവര ശേഖരണം പൂര്‍ത്തിയായി. സംവാദാത്മക പഠനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഇത് പൂര്‍ണ്ണതയിലെത്തിക്കാനാവൂ. അതിനാല്‍ കാലതാമസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കണം. ഓരോ ആളുകള്‍ക്കും അവരുടെ രീതിയില്‍ പങ്കു വഹിക്കാനാകും. എത്ര ചെറുതായാലും പങ്കുവഹിക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഇതില്‍ പങ്കാളികളാക്കാമെന്ന് മലയാളി സംഘടനകള്‍ അറിയിച്ചു.

വിദ്യാകിരണം പോര്‍ട്ടല്‍ (www.vidyakiranam.kerala.gov.in) വഴിയാണ് വ്യക്തികളും സന്നദ്ധ സംഘടനകളും സംരംഭങ്ങളുമെല്ലാം സംഭാവനകള്‍ നല്‍കേണ്ടത്. ഒരു നിശ്ചിത തുകയായി നല്‍കാനോ ഏതെങ്കിലും സ്‌കൂളുകള്‍ തിരിച്ചോ തദ്ദശസ്വയംഭരണ സ്ഥാപനം തിരിച്ചോ സംഭാവന നല്‍കാനും പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തിഗതമായും സംഘടനാപരമായും സംഭാവനകള്‍ വാഗ്ദാനം നല്‍കി. കൂടുതല്‍ വ്യക്തികളും സംഘടനകളും സഹായം നല്‍കാന്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *