ഇന്‍ഫോപാര്‍ക്കില്‍ പൂര്‍ണ വാക്‌സിനേഷന്‍; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി

Spread the love

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തിലുമായാണ് വാക്‌സിനേഷന്‍ നടന്നുവരുന്നത്. ജൂണില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാ ഡോസ് വിതരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷന്‍ സെപ്തംബര്‍ 22 മുതല്‍ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്‌സിന്‍ ആണ് ഇതിനായി ടെക് ഹോസ്പിറ്റല്‍ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കമ്പനികള്‍ ഇതിനകം തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇന്‍ഫോപാര്‍ക്കില്‍ വാക്‌സിനേഷന്‍ സമ്പൂര്‍ണമാകും.

നേരത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഏതാനും കമ്പനികള്‍ ഇതിനകം ഓഫീസുകളില്‍ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ നിന്ന് കമ്പനികള്‍ പൂര്‍ണമായും മാറില്ലെങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഐടി പാര്‍ക്കുകളില്‍ തിരിച്ചെത്തും. സമ്പൂര്‍ണ വാക്‌സിനേഷനു പുറമെ സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് തിരികെ ഓഫീസുകളിലെത്താന്‍ വഴിയൊരുങ്ങും, കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

യുഎസ്ടി, ക്യൂബസ്റ്റ് തുടങ്ങി പ്രമുഖ കമ്പനികളും ഇന്‍ഫോപാര്‍ക്കിലെ അവരുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. ക്യൂബസ്റ്റ് 1265 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. മറ്റൊരു കമ്പനിയായ മൈന്‍ഡ്കര്‍വ് 400 രണ്ടാം ഡോസുകളും വിതരണം ചെയ്തു. ഐടി ജീവനക്കാര്‍ക്കു പുറമെ സപോര്‍ട്ട് സ്റ്റാഫിനും കമ്പനികള്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *