ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. കേരളത്തിൻ്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകൾ തുടങ്ങി ഫേസ് ബുക്കും യു ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി
കേരളത്തിന്റെ മത മൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി ,കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദേശം നൽകണം .
കൂടാതെ സാമുദായ സംഘടനകളോ , സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും പിന്തുണയും അറിയിക്കുന്നു.
റിസബാവയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മുപ്പത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്.
വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അൻപതോളം സിനിമകൾ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഓസ്‌കർ ഫെർണാണ്ടസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു ഓസ്‌കർ ഫെർണാണ്ടസ്. മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്ര മന്ത്രിയായും, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയയും, തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയർമാൻ ആയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.