സൗഹാര്‍ദമാണ് ദൈവം ആഗ്രഹിക്കുന്നത്, എല്ലാവരേയും ചേര്‍ത്തുപിടിക്കണം: മാര്‍പാപ്പ

Spread the love

Picture

ബുഡാപെസ്റ്റ്: എല്ലാവരേയും ചേര്‍ത്തുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശനത്തിനിടെയാണ് സാഹോദര്യത്തിന്റേയും കരുതലിന്റേയും കൂട്ടായ്മയുടേയും സന്ദേശം അദ്ദേഹം പങ്കുവെച്ചത്.

വ്യക്തികളുടേയും സമൂഹങ്ങളുടേയും സൗഹാര്‍ദമാണ് ദൈവം ആഗ്രഹിക്കുന്നത്. സാമൂഹ്യനേതാക്കള്‍ സമാധാനവും ഐക്യവും പുലര്‍ത്താനായാണ് ശ്രമിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഐക്യദാര്‍ഢ്യവും സഹിഷ്ണുതയും പ്രകടിപ്പിക്കണം. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആവണമെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

തീവ്ര ദേശീയവാദിയും യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനടക്കമുള്ളവരുടെ മുന്നില്‍ വെച്ചാണ് മാര്‍പാപ്പ തന്റെ പ്രസംഗം മടത്തിയത്. കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ ആളാണ് പ്രധാനമന്ത്രി ഓര്‍ബന്‍. അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ പ്രസംഗം ഓര്‍ബനെതിരേയുള്ള പരോക്ഷവിമര്‍ശനമായും ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.

മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറില്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്. സമീപത്തെ കെട്ടിടങ്ങളിലും ബാല്‍ക്കണികളിലും ആളുകള്‍ നിരന്നുനിന്ന് പ്രസംഗത്തിന് ചെവിയോര്‍ത്തു.

സ്ലോവാക്യയിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി ഞായറാഴ്ച ഏഴ് മണിക്കൂര്‍ നേരമാണ് മാര്‍പാപ്പ ഹംഗറിയില്‍ ചെലവഴിച്ചത്. ഹംഗറിയിലെ ഒരു ലക്ഷത്തോളം വരുന്ന ജൂതസമൂഹം മധ്യയൂറോപ്പിലെ വലിയ സമൂഹമാണ്. 1996ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹംഗറി സന്ദര്‍ശിച്ചിരുന്നു. മാര്‍പാപ്പയെ കാണാന്‍ ഹീറോസ് സ്ക്വയറില്‍ 75,000 ആളുകള്‍ എത്തുമെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

84 വയസുകാരനായ മാര്‍പാപ്പയുടെ 34മത് വിദേശ യാത്രയാണിത്. വന്‍കുടലിലെ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വിദേശ യാത്രകള്‍ ആരംഭിച്ചിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *