കണ്ണൂരില്‍ അതിവേഗ വ്യവസായവല്‍ക്കരണത്തിന് നടപടികള്‍ സ്വീകരിക്കും; മന്ത്രി പി രാജീവ്

Spread the love

post

കണ്ണൂര്‍ : കണ്ണൂരില്‍ അതിവേഗ വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ലഭ്യതയും കണ്ണൂര്‍ വിമാനത്താവളവും, ഉള്‍നാടന്‍ ജലപാതയും കണ്ണൂരിന്റെ വ്യവസായ സാധ്യത വര്‍ദ്ധിപ്പിക്കും. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരോ മണ്ഡലത്തിലും സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കും. എംഎല്‍എമാര്‍ അതിനു മുന്‍കൈ എടുക്കും. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ കീഴില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിയാരത്ത് ഇത്തരമൊരു സംരംഭത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഒരു സംയുക്ത സംരംഭവും ആലോചിച്ചിട്ടുണ്ട്.
സംരംഭകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് എല്ലാ താലൂക്കുകളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പില്‍ താഴെ തട്ട് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരകേരളത്തില്‍ വ്യവസായത്തിന് വന്‍ സാധ്യതകളാണുള്ളത്. ഇതിനായി കെഎസ്ഐഡിസി മേഖലാ ഓഫീസ് കോഴിക്കോട് ആരംഭിക്കും. ഉത്തരകേരളത്തിലെ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മട്ടന്നൂര്‍ മാറും. മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ തുടര്‍ച്ച എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. കണ്ണൂരില്‍ എസ് ഹരികിഷോറിനാണ് ഇതിന്റെ ചുമതല. പരാതി പരിഹാരത്തിന് ഒരു സ്റ്റാറ്റിയൂട്ടറി സംവിധാനം ഒരാഴ്ചക്കകം നിലവില്‍ വരും. ഏത് വകുപ്പിലുള്ള കാര്യം സംബന്ധിച്ചും ഈ സംവിധാനത്തിന് തീരുമാനമെടുക്കാനാവും. അതു നടപ്പാക്കാന്‍ വിമുഖത കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കാനാവും. സിഐഐ, ഫിക്കി പോലുള്ള സംഘടനകള്‍ കേരളത്തെ നിക്ഷേപത്തിന് നല്ല സാധ്യതയുള്ള സംസ്ഥാനമായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്. ഇവര്‍ മുന്‍കൈ എടുത്തുകൊണ്ട് വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വരികയാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയരക്ടര്‍ എസ് ഹരികിഷോര്‍ എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *