കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

Spread the love

തിരുവനന്തപുരം: ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി.പി.എമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് കെ.പി അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സി.പി.എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണ്?

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകും. ഇനിയും ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യും. തെരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തിരുവല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞത് (14/09/2021)

എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയരാഘവന്‍ മതേതരത്വ ക്ലാസെടുക്കേണ്ട

താല്‍ക്കാലിക ലാഭത്തിനായി ആരുമായും കൂട്ടുകൂടുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവന്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് പുരപ്പുറത്തു കയറി നിലവിളിച്ചയാളാണ് വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണ സമിതിയെ താഴെയിറക്കാന്‍ അഞ്ചംഗ എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ തേടിയ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അദ്ദേഹം. മഹാരാജാസില്‍ എസ്.ഡി.പി.ഐ കൊലചെയ്ത അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് വിജയരാഘവനെ ഓര്‍മ്മിപ്പിക്കുന്നു. വിജയരാഘവന്റെയോ സി.പി.എമ്മിന്റെയോ മതേതരത്വമല്ല ഞങ്ങളുടെ മതേതരത്വം. ഈരാറ്റുപേട്ടയിലെ നഗരസഭാ ഭരണം പടിക്കാന്‍ എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയാരാഘവന്റെ മതേതരത്വവും ക്ലാസും ഞങ്ങള്‍ക്കു വേണ്ട.

തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാര്‍ ചിന്തയാണോ ഈ സര്‍ക്കാരിനും

കേരളത്തില്‍ ഇരു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാതെ ഇരു സമുദായങ്ങളും സംഘര്‍ഷത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഫേക്ക് ഐ.ഡി ഉപയോഗിച്ച് സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഹീനമായ ഭാഷ ഉപയോഗിച്ച് ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയൊരു സസര്‍ക്കാരോ പൊലീസോ സൈബര്‍ സെല്ലോ ഉണ്ടോ? സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കള്ളന്‍മാരെ പിടിക്കാന്‍ പോലീസോ സര്‍ക്കാരോ ഭരണമോ കേരളത്തിലില്ല. തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ ഈ സര്‍ക്കാരിനുമുള്ളത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ആരും തയാറാകരുത്. ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചത് അസംബന്ധമാണ്. വീണു കിട്ടിയ അവസരം ഉപയോഗിച്ച് കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവരുടെ കെണിയില്‍ വീഴരുതെന്നാണ് ഞങ്ങള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *