ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് അർഹരായവർക്ക് എത്തിക്കാൻ എൽഡിഎഫ് സർക്കാറുകൾക്കായെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വീട് അടക്കമുള്ള ആനുകൂല്യങ്ങൾ അതുകൊണ്ട് അർഹരിലേക്ക് എത്തിക്കാനായി. അനർഹർക്ക് ആനുകൂല്യങ്ങൾ എത്തുന്നത് തടയാൻ ആയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കാരോട് താക്കോൽ നൽകൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവുമധികം വീട് നഷ്ടവും സ്ഥാവര ജംഗമ വസ്തു നഷ്ടവും ഉണ്ടാകുന്ന വിഭാഗമാണ് കടലിന്റെ മക്കൾ. കടൽക്ഷോഭം മൂലം സ്വന്തമായി ഉണ്ടാക്കിയതെല്ലാം നഷ്ടമാകുന്നവരുടെ വ്യഥകൾ നാം ഏറെ കേട്ടിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് പുനർഗേഹം പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളികളെ 2,450 കോടി രൂപ ചെലവഴിച്ചു പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് ‘പുനർഗേഹം’ . കേരളത്തിന്റെ കാലാവസ്ഥ തന്നെ മാറിമറിയുന്ന പശ്ചാത്തലത്തിൽ പുനർഗേഹം പോലുള്ള പദ്ധതികളുടെ പ്രസക്തി വർധിക്കുകയാണ്. ഇന്ത്യയിൽ തന്നെ തീരദേശ വാസികളുടെ പുനരധിവാസത്തിനു സർക്കാർ മുൻകൈ എടുത്തു നടത്തുന്ന ആദ്യ പദ്ധതിയാണ് ഇത്. ഫിഷറീസ് വകുപ്പ് കൃത്യമായ സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത് എന്നത് അർഹതപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി 308 വീടുകളുടെയും 276 ഫ്ലാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോൽദാനവുമാണ് നടന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.