പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (സെപ്റ്റംബര്‍ 17) രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയിലേതുള്‍പ്പടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ 106 പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്. തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്റെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ലക്ഷ്യ പ്രോഗ്രാമിന്റെ ഭാഗമായി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2018-2019 വര്‍ഷത്തെ പദ്ധതി പ്രകാരം കെ.ഇ.എല്‍ ഏറ്റടുത്ത് 2019 അവസാനത്തിലാണ് നിര്‍മാണം ആരംഭിച്ചത്. പദ്ധതി പ്രകാരം നിലവില്‍ മൂന്നു നിലകളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് മുകളില്‍ നാലാമത് ഒരു നിലയും അതിലേക്കുള്ള റാമ്പും ഈ നിലകളിലേക്കെല്ലാമായി ലിഫ്റ്റ് സ്ഥാപിക്കലും ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യം ഒരുക്കലുമാണ് ഉള്‍പെട്ടിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ നസീബ അസീസ് മയ്യേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, വി.കെ.എം ഷാഫി, ഹംസ മാസ്റ്റര്‍, എ.പി സബാഹ്, അഫ്സല്‍, തിരൂര്‍ നഗരസഭ അധ്യക്ഷ നസീമ ആളത്തിപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ സലാം മാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. ബേബി ലക്ഷ്മി മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.