158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് രാവിലെ 10.30 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. 126 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, 2 കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. അതത് സ്ഥലങ്ങളിലെ മന്ത്രിമാര്‍, എം.പി.മാര്‍., എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം ജില്ലയില്‍ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടമാണ് നടക്കുന്നത്. കരവാരം, പെരിങ്ങമല എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ തേവലക്കര, കുളത്തൂപ്പുഴ എന്നീ കുടുംബരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ വെച്ചൂച്ചിറ, നാറാണംമൂഴി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ ചേര്‍ത്തല സൗത്ത് കുടുംബാരോഗ്യകേന്ദ്രം, വിവിധ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനവുമാണ് നടക്കുന്നത്. പുറക്കാട് (പഴയങ്ങാടി ), പൊന്നാട്, വെട്ടക്കല്‍, ഒളതല, ചെറുവാരണം, കളര്‍കോട് ഈസ്റ്റ് എന്നീ സബ് സെന്ററുകളേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റിയത്.

കോട്ടയം ജില്ലയില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡിനായി നിര്‍മ്മിച്ച 10 കിടക്കകളോട് കൂടി പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച ജെറിയാട്രിക് വാര്‍ഡ്, ജി.വി.ആര്‍. പൂഞ്ഞാര്‍ കുടുംബാരോഗ്യ കേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായ വിളക്കുമാടം, മേമുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂര്‍, ശാന്തിപുരം എന്നിവയാണ് സജ്ജമാക്കിയത്.

ഇടുക്കി ജില്ലയില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 62 കിടക്കകളുള്ള മെഡിക്കല്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.
എറണാകുളം ജില്ലയില്‍ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓക്‌സിജന്‍ പ്ലാന്റ്, ആലുവ ജില്ലാ ആശുപത്രിയിലെ ലക്ഷ്യ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം, ആവോലി, കുമാരപുരം, വാളകം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് സജ്ജമായത്.

തൃശൂര്‍ ജില്ലയില്‍ മേലടൂര്‍, പോട്ടോര്‍, ചേറ്റുപുഴ, കുഴൂര്‍, വിപി തുരുത്ത്, ചെമ്മന്‍തിട്ട, കടലശേരി, തിരൂര്‍, തേശേരി എന്നീ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റി.

മലപ്പുറം ജില്ലയില്‍ 106 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. മലപ്പുറം ജില്ലാശുപത്രി, പെരിന്തല്‍മണ്ണ ജില്ലാശുപത്രി, തിരൂര്‍ ജില്ലാശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ പദ്ധതി പ്രകാരം ലേബര്‍ റൂം ശക്തിപ്പെടുത്തി. പോരൂര്‍ കുടുംബാരോഗ്യകേന്ദ്രം, 95 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 7 സാഗി സബ് സെന്ററുകള്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും.

കോഴിക്കോട് ജില്ലയില്‍ മലാപ്പറമ്പ റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്‌റ്റോര്‍ പുതിയ കെട്ടിട നിര്‍മ്മാണം, സി.എച്ച്.സി ഉള്ളിയേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, സി.എച്ച്.സി. ഓര്‍ക്കാട്ടേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളായ മങ്ങാട്, വയലട, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായ കണ്ണഞ്ചേരി, പൊന്നംകോട്, കുണ്ടൂപ്പറമ്പ് കരുവന്തുരുത്തി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ പുതിയങ്ങാടി ഫിഷറീസ്, നാറാത്ത് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമായത്.

കാസര്‍ഗോഡ് ജില്ലയില്‍ കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *