പരിശീലന-ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: സെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷൻ കർഷകർക്കായി ഏകദിന പരിശീലന – ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. വെയർ ഹൗസിംഗ് കോർപ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും ഏഴു ലക്ഷം രൂപ മുടക്കി കുമരകം സി.എച്ച്.സി.യിൽ നിർമിക്കുന്ന ഓക്സിജൻ പൈപ്പ് ലൈനിന്റെ ആദ്യഗഡു ചടങ്ങിൽ കൈമാറി.

വെയർ ഹൗസിങ്ങ് നിയന്ത്രണ നിയമങ്ങളെക്കുറിച്ചും വെയർ ഹൗസിങ്ങ് കോർപ്പറേഷൻ നൽകുന്ന സേവനങ്ങളെക്കുറിച്ചും കർഷകരിൽ അവബോധം സൃഷ്ടിക്കാനാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. അയ്മനം, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ, ഏറ്റുമാനൂർ നഗരസഭ എന്നിവിടങ്ങളിൽ നിന്നുമുള്ള 50 കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ജോഷി ഇലഞ്ഞിയിൽ, സർവകലാശാല രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ, സി.ഡബ്ല്യൂ.സി. റീജണൽ മാനേജർ ഷാജൻ ഭാസ്‌ക്കരൻ, ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജിമോൾ തോമസ്, വെയർ ഹൗസിംഗ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave Comment